കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ ഗാന നിശയ്ക്കിടെ ഉണ്ടായ അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം രാവിലെ നടക്കും. രണ്ടു പേരുടെ പോസ്റ്റ്മോർട്ടം കളമശേരി മെഡിക്കൽ കോളേജിലും മറ്റ് രണ്ട് പേരുടേത് എറണാകുളം ജനറൽ ആശുപത്രിയിലും നടക്കും. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടമരണം സംഭവിക്കുമ്പോൾ സാധാരണ എടുക്കുന്ന നടപടി മാത്രമാണിത് എന്നാണ് ലഭിക്കുന്ന വിവരം.
രാവിലെ 10 മണിക്ക് ശേഷം വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കുസാറ്റിൽ പൊതു ദർശനത്തിന് വെക്കും. കൂത്താട്ടുകളും സ്വദേശി അതുൽ തമ്പി, നോർത്ത് പറവൂർ സ്വദേശി ആൻ റുഫ്ത, താമരശേരി സ്വദേശി സാറ തോമസ് എന്നിവരാണ് മരിച്ച വിദ്യാർത്ഥികൾ. പാലക്കാട് മുണ്ടൂർ സ്വദേശി ആൽവിൻ ജോസഫ് ആണ് മരിച്ച നാലാമത്തെയാൾ.
ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ ആസ്റ്റർ മെഡിസിറ്റിയിൽ വെൻ്റിലേറ്ററിൽ ചികിത്സയിലാണ്. സാരമായി പരിക്കേറ്റ രണ്ട് പേർ കളമശേരി മെഡിക്കൽ കോളേജ് ഐസിയുവിലാണ് ഉള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ ഗായിക നിഖിത ഗാന്ധിയുടെ ഗാനമേളയ്ക്ക് തൊട്ടുമുമ്പായാണ് അപകടമുണ്ടായത്. ഗാനമേളയ്ക്ക് പ്രവേശനം നിയന്ത്രിച്ച് ഓഡിറ്റോറിയത്തിന്റെ ഗേറ്റ് അടച്ചിരുന്നു. പരിപാടി തുടങ്ങും മുമ്പ് ഓഡിറ്റോറിയത്തിന്റെ പകുതി ഭാഗത്തോളം എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ നിറഞ്ഞിരുന്നു. എന്നാൽ മഴയെത്തുടർന്ന് കൂടുതൽ വിദ്യാർത്ഥികളും പുറത്തുനിന്നുള്ള ആളുകളും ഓഡിറ്റോറിയത്തിലേക്ക് തള്ളിക്കയറി. ഒറ്റ ഗേറ്റിലൂടെ മാത്രമേ പ്രവേശിക്കാനും പുറത്തുകടക്കാനും കഴിയുമായിരുന്നുള്ളൂ എന്നത് അപകടത്തിന് ആക്കം കൂട്ടി. തിരക്കിൽപ്പെട്ട് വിദ്യാർത്ഥികൾ വീഴുകയും ഇവർക്ക് മുകളിലേക്ക് കൂടുതൽ വിദ്യാർത്ഥികൾ വീഴുകയും വീണ വിദ്യാർത്ഥികൾക്ക് ചവിട്ടേൽക്കുകയുമായിരുന്നു.
എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് മാത്രമായാണ് പരിപാടി നടത്തിയത്. വിദ്യാർത്ഥികൾക്ക് പ്രത്യേക ടീഷർട്ട് ധരിച്ച് മാത്രമായിരുന്നു പരിപാടിയിലേക്ക് പ്രവേശനം. രണ്ട് ദിവസമായി നടന്നുവരുന്ന പരിപാടിയുടെ അവസാന ദിവസമായിരുന്നു ഇന്നലെ. അപകടത്തിൽ സമഗ്രാന്വേഷണം നടത്താൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നിർദേശം നൽകിയിട്ടുണ്ട്.