കാക്കയിറച്ചി പ്രിയഭക്ഷണമായ സൂപ്പര്‍ സ്റ്റാര്‍
ചിക്കനും മട്ടനും ബീഫും പോര്‍ക്കും തുടങ്ങി ഒട്ടകത്തിന്റെ ഇറച്ചി വരെ നമ്മള്‍ മലയാളികള്‍ പരീക്ഷിച്ചിട്ടുണ്ട്.ഒപ്പം സിനിമാ താരങ്ങളുടെ ഭക്ഷണശീലങ്ങള്‍ അറിയാന്‍ മലയാളികള്‍ക്ക് വലിയ താല്‍പ്പര്യവുമാണ്. എന്നാല്‍ വിചിത്രമായൊരു ഇഷ്ടമുണ്ടായിരുന്ന പഴയകാല സൂപ്പര്‍ താരത്തിന്റെ ഭക്ഷണശീലമാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച. പഴയ കാലത്തെ പ്രശസ്ത താരത്തിന് കാക്കയിറച്ചി ആയിരുന്നുവത്രെ ഇഷ്ടമെന്ന് അദ്ദേഹത്തിന്റെ സുഹൃത്തായ മറ്റൊരു നടനാണ് വെളിപ്പെടുത്തിയിരിയ്ക്കുന്നത് .മലയാള സിനിമയിലെ എണ്ണം പറഞ്ഞ വില്ലനായും നായകനായുമൊക്കെ തിളങ്ങിയ കെ.പി ഉമ്മറായിരുന്നു ആ താരം.നടന്‍ രാഘവനാണ് കെ.പി ഉമ്മറിന്റെ ‘കാക്ക’ സ്‌നേഹത്തെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
വിന്‍സെന്റ് സംവിധാനം ചെയ്ത നഖങ്ങള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു ഉമ്മറിന്റെ കാക്ക വേട്ട എന്നും രാഘവന്‍ പറയുന്നു.’പീരുമേടിനടുത്തുള്ള ചപ്പാത്ത് എന്ന സ്ഥലത്തായിരുന്നു നഖങ്ങള്‍ എന്നു പറഞ്ഞ സിനിമയുടെ ഷൂട്ടിംഗ് നടന്നിരുന്നത്. മലയുടെ മുകളിലാണ് ലൊക്കേഷന്‍. അതിനടുത്ത് ഒരു എസ്റ്റേറ്റ് ബംഗ്‌ളാവുണ്ട്. അവിടെയൊക്കെയാണ് ഞങ്ങള്‍ക്ക് വിശ്രമിക്കാനുള്ള സ്ഥലം കണ്ടെത്തിയിരുന്നത്. ബംഗ്‌ളാവില്‍ വച്ച് ഒരു രസകരായ കാര്യം നടന്നു. ഉമ്മുക്ക (കെ.പി.ഉമ്മര്‍) അദ്ദേഹം ഭക്ഷണക്കാര്യത്തില്‍ പ്രിയനാണ്.
അവിടെ എസ്റ്റേറ്റിന്റെ ഉടമസ്ഥന്റെ ഒരു എയര്‍ഗണ്ണുണ്ട്. നല്ല കറുത്ത കാക്കകളാണവിടെ. കറുത്ത കാക്ക എന്നു പറഞ്ഞാല്‍ നമ്മള്‍ ഇവിടെയൊന്നും കാണുന്ന തരത്തിലുള്ള കാക്കകളല്ല. കുറച്ചു കൂടി വലുതാണ്. ഇതുകണ്ടപ്പോള്‍ ഉമ്മുക്കയ്ക്ക് വലിയ താല്‍പര്യം. ഈ കാക്കകളെ വെടിവച്ച് വീഴ്ത്തി അതിന്റെ ഇറച്ചി തിന്നാന്‍. അങ്ങനെ കാക്കയെ വെടിവച്ച് വീഴ്ത്തി കറി വച്ചു കഴിക്കുകയും ചെയ്തു. ഓരേ സ്ഥലത്തും എന്താണോ സുലഭമായിട്ടുള്ളത് അത് അദ്ദേഹത്തിന് കിട്ടണമെന്ന രസകരമായ പ്രകൃതമായിരുന്നു കെ.പി.ഉമ്മറിന് ഉണ്ടായിരുന്നത്’- രാഘവന്‍ പറയുന്നു.