KeralaNews

സെക്രട്ടറിയായ ശേഷം എം.വി ഗോവിന്ദന്റെ ചിരി മാഞ്ഞു,മുഖ്യമന്ത്രിയുടെ പ്രവർത്തന രീതികളും പെരുമാറ്റവും പരാമർശങ്ങളും  ജനങ്ങളെ പാർട്ടിയിൽ നിന്നും അകറ്റുന്നു; സിപിഎം കാസർകോട് ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിന്‌ രൂക്ഷവിമർശനം

കാസർകോഡ്: സിപിഎം കാസർകോഡ് ഇടുക്കി ജില്ലാ സമ്മേളനങ്ങളിൽ സർക്കാറിനെതിരെ വിമർശനങ്ങൾ ഉയർന്നു. കാസർകോട് ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കും സംസ്ഥാന സെക്രട്ടറിക്കും നേതാക്കൾക്കുമെതിരെ രൂക്ഷ വിമർശനമാണ് ഉണ്ടായത്. മുഖ്യമന്ത്രിയുടെ പ്രവർത്തന രീതികളും പെരുമാറ്റവും ചില പരാമർശങ്ങളും  ജനങ്ങളെ പാർട്ടിയിൽ നിന്നും അകറ്റാൻ ഇടയാക്കിയെന്നും  ചിരിച്ചുകൊണ്ടിരുന്ന എം.വി ഗോവിന്ദൻ, സെക്രട്ടറിയായ ശേഷം ചിരി മാഞ്ഞു പോയെന്നും പ്രതിനിധികൾ പറഞ്ഞു.

തദ്ദേശസ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയ ചില നികുതി വർദ്ധനവുകൾ ജനങ്ങൾക്ക് ഭാരമായി. ഇതിന് ഉത്തരവാദി തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷാണെന്നും വിമർശനമുയർന്നു. ഇപി ജയരാജന്റെ പ്രസംഗം പലപ്പോഴും പാർട്ടിയെ പ്രതികൂട്ടിലാക്കുന്നു എന്നും ആരോപണമുയർന്നു.

ആഭ്യന്തര വകുപ്പിനെ  സംരക്ഷിച്ച് സംസ്ഥാന നേതൃത്വം അഭ്യന്തര വകുപ്പിനെതിരെ ജില്ലാ സമ്മേളന പ്രതിനിധികൾ ഉന്നയിച്ച വിമർശങ്ങൾ സംസ്ഥാന സെക്രട്ടറി  തള്ളി . കോവിഡ് കാലത്ത് ഉൾപ്പെടെ പോലീസ് നടത്തിയത് മാതൃകപരമായ പ്രവർത്തനമാണെന്നും ഒറ്റപ്പെട്ട  പാളിച്ചകൾ ഉണ്ടെങ്കിൽ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലയോര മേഖലയിലെ ഭൂ പ്രശ്നങ്ങൾ ഉൾപ്പെടെ  പഠിക്കാൻ  എം സ്വരാജിനെ ചുമതലപ്പെടുത്തിയെന്നും ഇ പി ജയരാജൻ പ്രവർത്തനത്തിൽ അലംഭാവം കാണിച്ചതിന്റെ പേരിലാണ് നടപടി വന്നതെന്നും സംസ്ഥാന സെക്രട്ടറി വിശദീകരിച്ചു. പി.പി ദിവ്യക്കെതിരെ ഉചിതമായ സമയത്ത് നടപടി എടുതെന്നും സെക്രട്ടറി അറിയിച്ചു.

ഇടുക്കി ജില്ലാ സമ്മേളനം അതേസമയം സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിലെ പൊതു ചർച്ചയിലും  പ്രതിനിധികൾ വകുപ്പുകൾക്കെതിരെ വിമർശനം ആവർത്തിച്ചു.  എൻ.സി.പി. തീരുമാനിച്ചിട്ടും വനംമന്ത്രിയെ മാറ്റാൻ സിപിഎം. തടസ്സം നിൽക്കുന്നുവെന്നും  വന്യജീവികൾ  ആളെ കൊല്ലാൻ വേണ്ടിയാണോ മന്ത്രിയെ സിപിഎം നിലനിർത്തുന്നതെന്ന് ജനങ്ങൾ പരിഹാസത്തോടെ ചോദിക്കുന്നുവെന്നും പ്രതിനിധികൾ പറഞ്ഞു.  

അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നവരെ നിലയ്ക്ക് നിർത്താൻ ഇനിയെങ്കിലും പാർട്ടിക്ക് കഴിയണം. പണം പിരിക്കുന്നവർ ആരാണെന്ന് നേതാക്കൾക്കും  പ്രവർത്തകർക്കും അറിയാം. പുറത്തു പറഞ്ഞാൽ അവരെ കൈകാര്യം ചെയ്യുമെന്ന ഭയമുള്ളതിനാൽ പലരും മിണ്ടില്ലെന്ന ആരോപണമുയർന്നപ്പോൾ, അങ്ങനെ ഒരു സംഭവമുണ്ടെങ്കിൽ നടപടിയെടുക്കുമെന്നായിരുന്നു ജില്ല സെക്രട്ടറി സി.വി.വർഗീസിന്റെ മറുപടി.

മുഖ്യമന്ത്രിയെ പ്രകീർത്തിച്ചുള്ള സ്തുതി ഗീതത്തിലും വിമർശനമുയർന്നു. ഒന്നര കോടി രൂപ സമാഹരിച്ചിട്ടും എസ്എഫ് ഐ ജില്ല ഓഫീസായി ധീരജ് സ്മാരക മന്ദിരം നിർമ്മിച്ചില്ലെന്ന പരാതിക്ക് വിമർശനങൾ  ഉൾകൊള്ളുന്നുവെന്നും തടസം സാങ്കേതികമാണെന്നും ജില്ലാ നേതൃത്വം മറുപടി നൽകി.  

കോൺട്രാക്ടർമാരിൽ നിന്നും പണം വാങ്ങിയ ശേഷം ഡി.വൈ.എഫ്.ഐ കടകളിൽ നിന്ന്  പൊതിച്ചോറ് വാങ്ങി കൊടുക്കുന്നുവെന്നും ഈ രീതി ശരിയായ പ്രവണതയല്ലെന്നും വിമർശനമുയർന്നു. ഇതിന് പുറമെ ജില്ല സമ്മേളനത്തിന്റെ സംഘാടനത്തിൽ പാളിച്ചയുണ്ടായെന്നും, സമ്മേളനം തൊടുപുഴ നഗരത്തിൽ പോലും യാതൊരു ചലനവും സൃഷ്ടിച്ചില്ലെന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker