ആര്യ മുതല്‍ രേഷ്മ വരെ, സി.പി.എമ്മിന്റെ കുട്ടി സാരഥികളെ പരിചയപ്പെടം
കൊച്ചി:തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് സി.പി.എമ്മിന് മിന്നും വിജയം സ്വന്തമാക്കാന്‍ സഹായകരമായത് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം തന്നെയായിരുന്നു.പതിറ്റാണ്ടുകളായി അധികാരത്തിന്റെ ഇടനാഴികള്‍ കുത്തകയാക്കിവച്ചിരുന്ന രാഷ്ട്രീയത്തിലെ പല താപ്പാനകള്‍ക്കും ഇത്തവണ സീറ്റു നല്‍കിയില്ല. തദ്ദേശഭരണ സ്ഥാപനങ്ങളിലെ വന്‍മരങ്ങളെ നിര്‍ദ്ദാക്ഷണ്യം വെട്ടിമാറ്റി.പകരം കളത്തിലിറക്കിയത് വിദ്യാസമ്പന്നരും ചുറുചുറുക്കുമുള്ള യുവരക്തത്തെയായിരുന്നു.
കൊവിഡ് കാലത്തും മറ്റും ഓടിനടന്നു പ്രവര്‍ത്തിച്ച യുവപോരാളികളോട് പൊരുതി നില്‍ക്കാന്‍ വാര്‍ദ്ധക്യത്തിലെത്തിയ എതിരാളികള്‍ക്ക് കഴിഞ്ഞുമില്ല.ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനത്തിനൊപ്പം നവമാധ്യമങ്ങളിലെ സജീവ പ്രവര്‍ത്തനങ്ങളും സ്ഥാനാന്‍ത്ഥികള്‍ക്ക് തുണയായി.വനിതാ സംവരണത്തിനൊപ്പം ജനറല്‍ സീറ്റുകളിലും വനിതാ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചതും ഗുണകരമായി.
അപ്രതീക്ഷിതമായിരുന്നു തിരുവനന്തപുരം കോര്‍പറേഷനില്‍ ആര്യാ രാജേന്ദ്രനെന്ന 21 കാരിയെ മേയറായി സി.പി.എം പ്രഖ്യാപിച്ചത്. രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ മേയര്‍ സ്ഥാനാര്‍ത്ഥിയ്ക്ക് പിന്നീട് അഭിനന്ദന പ്രവാഹമായിരുന്നു. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ മുതല്‍ ശശി തരൂര്‍ എം.പി വരെ ആര്യയെ ഹൃദയം നിറഞ്ഞ് അഭിന്ദിച്ചു.സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി അഞ്ചിടത്ത് 25 വയസില്‍ താഴെ പ്രായമുള്ള യുവതികളാണ് ഇത്തവണ ഭരണചക്രം തിരിയ്ക്കാന്‍ ഒരുങ്ങുന്നത്.
ആ അഞ്ചുപേര്‍ ഇവരാണ്
ആര്യ രാജേന്ദ്രൻ
(തിരുവനന്തപുരം)
തിരുവനന്തപുരം കോർപറേഷൻ മേയറാകുന്ന ആര്യ, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന കീർത്തി കൂടി സ്വന്തമാക്കുകയാണ്. 21 കാരിയായ ആര്യ മുടവൻമുഗൾ വാർഡിലെ കൗൺസിലറാണ്. ബാലസംഘം സംസ്ഥാന പ്രസിഡന്റ്, എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം, സിപിഐ എം കേശവദേവ് റോഡ് ബ്രാഞ്ചംഗം എന്നീ നിലകളിൽ തിളങ്ങിയ ആര്യ ബിഎസ്‌സി ഗണിതം രണ്ടാം വർഷ വിദ്യാർഥിനിയാണ്.
രേഷ്‌മ മറിയം റോയി
(അരുവാപ്പുലം, പത്തനംതിട്ട)
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റാകുകയാണ് അരുവാപ്പുലത്തുനിന്ന് രേഷ്‌മ മറിയം റോയി. ഊട്ടുപാറ വാർഡിലാണ് ജയിച്ചത്. 15 വർഷമായി യുഡിഎഫ് ഭരണമായിരുന്ന അരുവാപ്പുലത്ത്, ഇനി രേഷ്‌മ നയിക്കുന്ന നാളുകൾ. സിപിഐ എം ഊട്ടുപാറ ബ്രാഞ്ചംഗവും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗവും എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗവുമാണ്. ഊട്ടുപാറ തുണ്ടിയാംകുളത്ത് റോയി ടി മാത്യുവിന്റെയും മിനി റോയിയുടെയും ഇളയ മകൾ.
രാധിക മാധവൻ
(മലമ്പുഴ, പാലക്കാട്)
മലമ്പുഴ പഞ്ചായത്തിൽ ഇരുപത്തിമൂന്നുകാരി രാധിക മാധവൻ പ്രസിഡന്റാവും. ആനക്കല്ല‌്, കൊല്ലംകുന്ന് കോളനിയിൽ മാധവന്റെയും ശാന്തയുടെയും മകളാണ്. പാലക്കാട് ഗവ. വിക്ടോറിയ കോളേജിൽനിന്ന് മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം. ആനക്കല്ല‌് ട്രൈബൽ സ്‌കൂളിൽ ഗസ്‌റ്റ് അധ്യാപികയായിരുന്നു.
അനസ് റോസ്‌ന സ്‌റ്റെഫി
(പൊഴുതന, വയനാട്)
ഇരുപത്തിമൂന്നുകാരി അനസ് റോസ്‌ന സ്‌റ്റെഫി വയനാട്ടിലെ പൊഴുതന പഞ്ചായത്തിന്റെ പ്രസിഡന്റാകും. ഇഗ്‌നോയിൽ ഡിസാസ്‌റ്റർ മാനേജ്‌മെന്റിൽ പിജി ചെയ്യുന്നതിനിടയിലാണ് എൽഡിഎഫ് സ്ഥാനാർഥിയായത്. ജനറൽ സീറ്റിൽ മത്സരിച്ചാണ് അനസ് റോസ്‌ന വിജയിച്ചത്. പൊഴുതന സുഗന്ധഗിരി ചടച്ചിക്കുഴിയിൽ സുനിലിന്റെയും -സുജയുടെയും മകളാണ്.
ശാരുതി
(ഒളവണ്ണ, കോഴിക്കോട്)
കോഴിക്കോട് ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി 22കാരി ശാരുതി സ്ഥാനമേൽക്കും. പൊതുപ്രവർത്തന രംഗത്ത് സജീവമായ ശാരിതി ബുള്ളറ്റിൽ സഞ്ചരിച്ച് ശ്രദ്ധ നേടി. അവസാനവർഷ നിയമ വിദ്യാർഥിയാണ്. -ഇരിങ്ങല്ലൂരിലെ റേഷൻ കടക്കാരന് കോവിഡ് ബാധിച്ചപ്പോൾ കടയുടെ പ്രവർത്തനം ഏറ്റെടുത്തത് ഏറെ പ്രശംസ നേടി. ഒന്നാം വാർഡിൽനിന്നാണ് ജയിച്ചത്. സിപിഐ എം ഇരിങ്ങല്ലൂർ ബ്രാഞ്ചംഗം. അച്ഛൻ പറശേരി മനോഹരൻ, അമ്മ എം റജീന.
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റെന്ന റെക്കോഡ് അരുവാപ്പുലത്തിന്റെ രേഷ്മയ്ക്കാണ്. ഇരുപത്തൊന്ന് വയസ്സും രണ്ടു മാസവുംമാത്രം പ്രായമുള്ള രേഷ്‌മ മറിയം റോയിയെ പഞ്ചായത്ത് പ്രസിഡന്റായി സിപിഐ എം നിയോഗിച്ചു. നവംബറിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസത്തിന്റെ തലേന്നാണ് 21 വയസ്സ് തികഞ്ഞത്. ഊട്ടുപാറ വാർഡിൽ ജയിച്ചപ്പോൾ രേഷ്‌മ നടന്നുകയറിയത് ചരിത്രത്തിലേക്ക് കൂടിയാണ്.