തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട വലിയ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ഗൗരവകരമായ തിരുത്തല്‍ നടപടികളിലേക്ക് കടക്കാനൊരുങ്ങി സി.പി.എം. പാര്‍ട്ടി വോട്ടുകളില്‍പോലും ചോര്‍ച്ചയുണ്ടായതായി ഞായറാഴ്ചയും തിങ്കളാഴ്ചയുമായി ചേര്‍ന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തി. കേരളത്തിലെ 20 മണ്ഡലങ്ങളിലേയും ഫലം സംസ്ഥാന സെക്രട്ടേറിയേറ്റ് വിശദമായി വിശകലനം ചെയ്തു.
അടുത്ത മൂന്നു ദിവസത്തെ സംസ്ഥാനസമിതിയില്‍ നടക്കുന്ന ചര്‍ച്ച വിശദമായി കേട്ടശേഷമാകും തുടര്‍നടപടി. സംസ്ഥാനസമിതിക്ക് ശേഷം വീണ്ടും സെക്രട്ടേറിയേറ്റ് യോഗം ചേരും. ഈ യോഗത്തിലാകും തിരുത്തല്‍ നടപടികള്‍ക്ക് രൂപം നല്‍കുക. സംസ്ഥാനസമിതിയുടെ അഭിപ്രായം കൂടി പരിഗണിച്ചാകും അന്തിമതീരുമാനം.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ മാത്രമാണ് സി.പി.എമ്മിന് വിജയിക്കാന്‍ കഴിഞ്ഞത്. സിറ്റിങ് സീറ്റായ ആലപ്പുഴ നഷ്ടപ്പെട്ടപ്പോള്‍ മന്ത്രി കെ. രാധാകൃഷ്ണന്‍ മത്സരിച്ച ആലത്തൂരില്‍ മാത്രമാണ് എല്‍.ഡി.എഫിന് വിജയം നേടാന്‍ സാധിച്ചത്.