കോഴിക്കോട്: ജനുവരി രണ്ടിന് ഓര്‍ക്കാട്ടേരിയില്‍ നടക്കുന്ന ടി.പി ചന്ദ്രശേഖരന്‍ അനുസ്മരണ സമ്മേളനത്തിനും സ്മാരക ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നതിനും സി.പി.ഐ അടക്കമുള്ള ഘടകകക്ഷികള്‍ക്ക് സി.പി.എം വിലക്ക്. പരിപാടിയില്‍ പങ്കെടുക്കാന്‍ ബിജെപി ഒഴികെയുള്ള മറ്റെല്ലാ കക്ഷികളേയും ക്ഷണിച്ചിരുന്നുവെങ്കിലും ആദ്യം വരാമെന്നേറ്റ കാനം രാജേന്ദ്രന്‍ പിന്നീട് പരിപാടിയില്‍ നിന്നു പിന്‍മാറിയെന്ന് ആര്‍.എം.പി സംസ്ഥാന സെക്രട്ടറി എന്‍. വേണു അറിയിച്ചു. പിന്നീട് കാര്യം അന്വേഷിച്ചപ്പോള്‍ എല്‍.ഡി.എഫ് കൂട്ടായി എടുത്ത തീരുമാനത്തിന്റെ ഭാഗമായിട്ടാണ് ഇങ്ങനെയൊരു നിലപാടിലേക്കെത്തിയതെന്ന് മനസ്സിലായെന്നും അദ്ദേഹം വ്യക്തമാക്കി. അനുസ്മരണ പരിപാടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഉദ്ഘാടനം ചെയ്യുന്നത്.
ഓര്‍ക്കാട്ടേരിയില്‍ മൂന്ന് നിലകളിലായി പണിപൂര്‍ത്തിയായ ടി.പി ഭവന്‍ എന്ന് പേരിട്ടിരിക്കുന്ന സ്മാരകത്തിന്റെ ഉദ്ഘാടനം ആര്‍.എം.പി അഖിലേന്ത്യാ ജനറല്‍സെക്രട്ടറി മാംഗത്‌റാം പസ്ലയാണ് നിര്‍വഹിക്കുന്നത്. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, മുസ്ലീം ലീഗ് നേതാവ് കെ.എന്‍.എ ഖാദര്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കമുള്ള നേതാക്കളെ പങ്കെടുപ്പിച്ച് ജനകീയ പരിപാടിയാക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും സി.പി.എം ഭീഷണിപ്പെടുത്തി പരിപാടിയില്‍ നിന്നും ഘടകകക്ഷികളെ പിന്‍തിരിപ്പിക്കുകയായിരുന്നുവെന്നും എന്‍.വേണു വ്യക്തമാക്കി.