കൊല്ലം:രക്തസാക്ഷി സ്മാരകത്തിന് പിരിവ് നൽകാത്തതിന്റെ പേരിൽ സി.പി.എം. നേതാവ് ഭീഷണിപ്പെടുത്തുന്നതായി പ്രവാസി കുടുംബത്തിന്റെ പരാതി. കൊല്ലം കോവൂർ സ്വദേശിയായ ഷഹി വിജയനും ഭാര്യ ഷൈനിയുമാണ് സി.പി.എം. ചവറ മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജുവിനെതിരേ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. പിരിവ് നൽകാത്തതിനാൽ ചവറ മുഖംമൂടിമുക്കിൽ തങ്ങൾ നിർമിച്ച കൺവെൻഷൻ സെന്ററിന്റെ സ്ഥലത്ത് കൊടികുത്തുമെന്നും ഇതിനോട് ചേർന്നുള്ള സ്ഥലം തരംമാറ്റാൻ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തിയതായാണ് കുടുംബത്തിന്റെ ആരോപണം. ബിജു ഫോണിൽവിളിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖയും ഇവർ പുറത്തുവിട്ടിട്ടുണ്ട്. സംഭവത്തിൽ തേവലക്കര കൃഷി ഓഫീസർക്കെതിരേയും കുടുംബം പരാതി നൽകിയിട്ടുണ്ട്.
വർഷങ്ങളായി യു.എസിൽ ജോലിചെയ്യുന്ന ഷഹി വിജയനും ഭാര്യ ഷൈനിയും തങ്ങളുടെ സമ്പാദ്യമെല്ലാം മുടക്കിയും വായ്പയെടുത്തുമാണ് കൺവെൻഷൻ സെന്റർ നിർമിച്ചത്. സ്ഥാപനത്തിന്റെ ഉദ്ഘാടനം നടക്കാനിരിക്കെയാണ് സി.പി.എം. നേതാവ് ഭീഷണിയുമായി രംഗത്തെത്തിയത്. ദമ്പതിമാരുടെ ബന്ധുവിനോടാണ് നേതാവ് ഫോണിൽവിളിച്ച് ഭീഷണി മുഴക്കിയത്.
ശ്രീകുമാർ മന്ദിരത്തിനായി പതിനായിരം രൂപ പിരിവ് എഴുതിയിട്ട് രണ്ടുവർഷമായെന്നും പൈസ ചോദിക്കുമ്പോൾ തന്നെ കളിയാക്കിവിടുകയാണെന്നുമാണ് ബിജു ഫോണിലൂടെ പറയുന്നത്. ഇനി പത്ത് പൈസ പിരിവ് വേണ്ടെന്നും നാളെ രാവിലെ വസ്തുവിനകത്ത് ഒറ്റപ്പണി നടക്കില്ലെന്നും തഹസിൽദാരും വില്ലേജ് ഓഫീസറും അവിടെവരുമെന്നും കൊടികുത്തുമെന്നും നേതാവ് ഭീഷണിപ്പെടുത്തുന്നുണ്ട്. രക്തസാക്ഷി സ്മാരകത്തിന് പുറമേ ക്ഷേത്രത്തിലെ ഉത്സവത്തിന് 15000 രൂപ ചോദിച്ചിട്ട് നൽകിയില്ലെന്നും നേതാവ് പറയുന്നു.
സംഭവത്തിൽ തേവലക്കര കൃഷി ഓഫീസർക്കും പങ്കുണ്ടെന്നാണ് പ്രവാസി കുടുംബത്തിന്റെ ആരോപണം. ഡേറ്റാ ബാങ്കിൽനിന്ന് സ്ഥലം ഒഴിവാക്കാൻ അപേക്ഷ നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും സി.പി.എം നേതാവും കൃഷി ഓഫീസറും ഒത്തുകളിക്കുകയാണെന്നും എല്ലാം തടസപ്പെടുത്തുകയാണെന്നും കുടുംബത്തിന്റെ പരാതിയിലുണ്ട്. കൺവെൻഷൻ സെന്ററിന്റെ നിർമാണം ആരംഭിച്ചത് മുതൽ ഇവർ പലവിധ ബുദ്ധിമുട്ടുകളുണ്ടാക്കുകയാണെന്നും ഷഹി വിജയനും ഭാര്യയും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.