News

ലൗ ജിഹാദ് ജോർജ് എം തോമസിനെതിരെ നടപടിയെടുത്ത് സി.പി.എം

കോഴിക്കോട്: വിവാദമായ ലൗ ജിഹാദ് പ്രസ്താവനയിൽ മുൻ എംഎൽഎ ജോർജ് എം തോമസിനെ ശാസിച്ച് സിപിഎം. ഇന്ന് ചേർന്ന ജില്ലാ കമ്മിറ്റി യോ​ഗത്തിലാണ് ജോർജ് എം തോമസിനെ പരസ്യമായി ശാസിച്ചത്. ഇത്തരം വിഷയങ്ങളിൽ ഇനി ജാ​ഗ്രത പാലിക്കണമെന്നും യോ​ഗത്തിൽ നേതൃത്വം അദ്ദേഹത്തെ താക്കീത് ചെയ്തു. പാർട്ടി നിലപാടിന് വിരുദ്ധമായി സംസാരിക്കുകയും പാർട്ടി രേഖകളെ തെറ്റായി ഉദ്ധരിക്കുകയും ചെയ്തത് ജോർജ് എം തോമസിന് പറ്റിയ വീഴ്ചയാണ് എന്നാണ് സിപിഎം ജില്ലാ കമ്മിറ്റി യോ​ഗത്തിലെ വിലയിരുത്തൽ.

ലൗ ജിഹാദ് പ്രസ്താവന വിവാദമായപ്പോൾ തന്നെ പാർട്ടി നേതൃത്വത്തോട് തെറ്റ് ഏറ്റു പറഞ്ഞ ജോർജ് എം തോമസ് ഇന്നത്തെ യോ​ഗത്തിലും തൻ്റെ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ചു. തുടർന്നാണ് പരസ്യശാസന നൽകി വിഷയം അവസാനിപ്പിക്കാൻ സിപിഎം ജില്ലാ നേതൃത്വം തീരുമാനിച്ചത്. പാർട്ടിയുടെ പരസ്യശാസന അം​ഗീകരിക്കുന്നതായി ജോർജ് എം തോമസും വ്യക്തമാക്കി. യോ​ഗത്തിന് ശേഷം മാധ്യമങ്ങളെ കാണാതെ അദ്ദേഹം മടങ്ങുകയും ചെയ്തു.

പാർട്ടി നിലപാടിന് വിരുദ്ധമായിട്ടുള്ള അഭിപ്രായമാണ് സഖാവ് ജോർജ് എം തോമസ് നടത്തിയത്. പാർട്ടിയുടെ മതേതര നിലപാടിന് വിരുദ്ധമാണിത്. ഇക്കാര്യത്തിൽ സഖാവ് ജോർജ് എം തോമസ് തെറ്റ് ഏറ്റു പറഞ്ഞിട്ടുണ്ട്. പാർട്ടി അം​ഗീകരിക്കാത്ത നിലപാടാണ്. ഇക്കാര്യത്തിൽ സഖാവിനെ വിശ്വാസത്തിലെടുത്ത് പരസ്യശാസന നൽകാനാണ് പാർട്ടിയുടെ തീരുമാനം – യോ​ഗത്തിന് ശേഷം മാധ്യമങ്ങളെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്റർ പറഞ്ഞു.

വിവാദങ്ങളിൽ ജോർജ് എം തോമസിനെ സംരക്ഷിക്കാനാണ് സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വം ആദ്യം ശ്രമിച്ചതെങ്കിലും കർശന നടപടി വേണമെന്ന നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് എടുത്തത്. ഇതോടെയാണ് അദ്ദേഹത്തിന് നേരെ കടുത്ത നടപടിയിലേക്ക് ജില്ലഘടകം കടന്നത്. അതേസമയം കീഴ്ഘടകത്തിലേക്ക് തരംതാഴ്ത്തുന്നത് അടക്കമുള്ള ശിക്ഷാ നടപടികൾ വേണമെന്ന വാദമുയർന്നെങ്കിലും പരസ്യശാസനയിൽ നടപടി ഒതുക്കാൻ ജി​ല്ലാ ​ഘടകത്തിനായി. മലയോരമേഖലയിലടക്കം സിപിഎമ്മിൻ്റെ കീഴ്ഘടകങ്ങളിൽ അടുത്ത ഘട്ടത്തിൽ ഈ നടപടി റിപ്പോർട്ട് ചെയ്യപ്പെടും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker