KeralaNews

മൊയ്തീന്റെ പേര് പറയാൻ ആവശ്യപ്പെട്ട് ഇ.ഡിപലരെയും ഭീഷണിപ്പെടുത്തി, കൊല്ലുമെന്ന് പറഞ്ഞു: എം.വി ഗോവിന്ദൻ

തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കെതിരെയുള്ള ആരോപണങ്ങളെ പ്രതിരോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സിപിഎം സംസ്ഥാന സമിതി അംഗവും മുന്‍ മന്ത്രിയുമായ എ.സി.മൊയ്തീനെതിരെ തെളിവുണ്ടാക്കുന്നതിനായി ഇ.ഡി. ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചവരെ ഭീഷണിപ്പെടുത്തിയതായും മര്‍ദിച്ചതായും എം.വി. ഗോവിന്ദന്‍ ആരോപിച്ചു.

‘സഹകരണ പ്രസ്ഥാനത്തിന്റെ പേരില്‍ തൃശൂര്‍ കരുവന്നൂരില്‍ പ്രശ്‌നം ഉണ്ടായിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായി അന്വേഷണം നടത്തിയിട്ടുള്ളതുമാണ്. അതിന് ശേഷം ഇ.ഡി. അന്വേഷണത്തിന്റെ പേരില്‍, പ്രശ്‌നത്തിന് പിന്നില്‍ പാര്‍ട്ടി നേതൃത്വമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് രംഗത്തേക്ക് വന്നു. പാര്‍ട്ടി സംസ്ഥാന സമിതി അംഗമായ എ.സി.മൊയ്തീന്‍റെ വീട് റെയ്ഡ് ചെയ്യുകയും ചോദ്യം ചെയ്യുകയുമുണ്ടായി.

ഒരു തെളിവും അവര്‍ക്ക് മുന്നോട്ട് വെക്കാനുണ്ടായിരുന്നില്ല. തെളിവുണ്ടാക്കാനായി ചില ആളുകളെ ചോദ്യംചെയ്യാന്‍ പുറപ്പെട്ടു. അതിന്റെ ഭാഗമായി ചില ആളുകളോട് എ.സി. മൊയ്തീന്റെ പേര് പറയണമെന്ന് ഭീഷണിപ്പെടുത്തി. മൊയ്തീന്‍ പണം ചാക്കില്‍ക്കെട്ടി കൊണ്ടുപോകുന്നത് കണ്ടെന്ന് പറയാനാണ് ആവശ്യപ്പെട്ടത്.

ഒരു മുറി കാണിച്ച് നല്‍കി, അവിടെവെച്ച് എന്തുംചെയ്യാന്‍ സാധിക്കുമെന്നും പുറംലോകം കാണില്ലെന്നും ഭീഷണിപ്പെടുത്തി. മകളുടെ വിവാഹ നിശ്ചയം നടക്കില്ലെന്നാണ് അരവിന്ദനോട് പറഞ്ഞത്. ഇ.ഡി.ബലപ്രയോഗം നടത്തി. കൊല്ലുമെന്ന് പറഞ്ഞു. ചരിത്രത്തിലില്ലാത്ത സംഭവമാണ് നടന്നത്. ആളുകളെ ആക്രമിക്കുകയും കുതിരകയറുകയും ചെയ്തു. ഉത്തരേന്ത്യയില്‍ നിന്ന് വന്ന ഉദ്യോഗസ്ഥരുടെ അടക്കമുള്ള ഒരു കൂട്ടായ ശ്രമമായാണ് ഇതിനെ കാണുന്നത്’, സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

സഹകരണ സംഘങ്ങളെ കൈപ്പിടിയിലൊതുക്കുന്നതിനുള്ള ശ്രമങ്ങള്‍ ആഭ്യന്തര മന്ത്രി അമിത് ഷാ മുന്‍കൈയെടുത്ത് കേന്ദ്ര സര്‍ക്കാര്‍ നടത്തിവരികയാണ്. സുപ്രീംകോടതി ഇടപെടല്‍ കൊണ്ടാണ് ഒരു ഘട്ടത്തില്‍ സഹകരണ പ്രസ്ഥാനങ്ങള്‍ പിടിച്ചുനിന്നത്. നോട്ട് നിരോധന ഘട്ടത്തില്‍ സഹകരണസംഘങ്ങളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാനുള്ള പ്രവണത ശക്തിപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു, കേരളത്തിലെ മുഴുവന്‍ സഹകരണ പ്രസ്ഥാനങ്ങളേയും സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാര്‍ കൈകാര്യം ചെയ്യും. അതോടെയാണ് ആ പ്രതിസന്ധി അവസാനിച്ചതെന്നും ഗോവിന്ദന്‍ പറഞ്ഞു.

കരുവന്നൂരിലെ ഇ.ഡി. ഇടപെടല്‍ യഥാര്‍ത്ഥത്തില്‍ ഇടതുപക്ഷത്തിനും സഹകരണ പ്രസ്ഥാനത്തിനുമെതിരായ ശക്തമായ കടന്നുകയറ്റമാണ്. ഇതിനെ ശക്തിയായി എതിര്‍ത്ത് മുന്നോട്ടുപോകേണ്ടതുണ്ട്. സഹകാരികള്‍ അതിന് മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker