KeralaNews

ചെന്നിത്തലയ്‌ക്കെതിരെ കരുത്തനായ സ്ഥാനാര്‍ത്ഥി വേണം,സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് ഇന്ന്,ചേര്‍ത്തലയും വെല്ലുവിളി,സുധാകരനും ഐസക്കും പിന്‍മാറിയതോടെ മത്സരിയ്ക്കാന്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഇടി

ആലപ്പുഴ:ചേർത്തല, ഹരിപ്പാട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയത്തിനായി സിപിഐ ആലപ്പുഴ ജില്ലാ നേതൃയോഗങ്ങൾ ഇന്ന് ചേരും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ കരുത്തനായ സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതിൽ സിപിഐയിൽ ആശയക്കുഴപ്പമുണ്ട്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ എതിർപ്പ് പരിഹരിച്ച് ചേർത്തലയിലും സ്ഥാനാർത്ഥിയെ കണ്ടെത്തുക വെല്ലുവിളിയാണ്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ഹരിപ്പാട് മികച്ച സ്ഥാനാർത്ഥി വരണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ സിപിഐ നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസിന്‍റെ പേര് സജീവമായി നേതൃത്വം പരിഗണിക്കുന്നുണ്ടെങ്കിലും അദ്ദേഹം താൽപര്യം അറിയിച്ചിട്ടില്ല. ജില്ലാ അസി. സെക്രട്ടറി ജി കൃഷ്ണപ്രസാദ്, ജില്ലാ പഞ്ചായത്തംഗം എ ശോഭ എന്നിവരുടെ പേരും പരിഗണനാ പട്ടികയിലുണ്ട്. ചേർത്തലയിൽ മന്ത്രി പി തിലോത്തമനെ മാറ്റിയതിന്‍റെ അതൃപ്തി വെള്ളാപ്പള്ളി നടേശൻ പരസ്യമാക്കിയിരുന്നു.

എസ്എൻഡിപി വോട്ടുകൾ നിർണായകമാകുന്ന മണ്ഡലത്തിൽ വെള്ളാപ്പള്ളി നടേശന്‍റെ കൂടി താൽപര്യം പരിഗണിച്ചാകും സ്ഥാനാർത്ഥി നിർണയം. എഐവൈഎഫ് നേതാവ് ടി ടി ജിസ്മോന്‍റെ പേരിനാണ് മുൻതൂക്കം. എന്നാ‌ൽ ജില്ലാ അസി. സെക്രട്ടറി കൃഷ്ണപ്രസാദിനെ ചേർത്തലയിൽ പരിഗണിക്കണമെന്നും ആവശ്യം ശക്തമാണ്. ഇന്ന് ചേരുന്ന ജില്ലാ എക്സിക്യൂട്ടീവും കൗൺസിലും ഹരിപ്പാട്, ചേർത്തല മണ്ഡലങ്ങളിലേക്ക് ഒന്നിലധികം പേരുകൾ ഉൾപ്പെടുത്തിയ പട്ടിക സിപിഐ സംസ്ഥാന നേതൃത്വത്തിന് കൈമാറും.

അതേ സമയം മുതിര്‍ന്ന നേതാക്കളും മന്ത്രിമാരുമായ ജി.സുധാകരന്‍,തോമസ് ഐസക്ക് എന്നിവരെ ഇത്തവണ മത്സരിപ്പിയ്‌ക്കേണ്ടതില്ലെന്ന പാര്‍ട്ടി തീരുമാനം പാര്‍ട്ടി അണികളെ നിരാശരാക്കി.പാര്‍ട്ടി നേതൃത്തിന്റെ നിലപാടിനെതിരെ വിമര്‍ശനങ്ങളും പ്രതിഷേധവും തുടരുകയാണ്.ജില്ലയിലെ സി.പി.എം. മന്ത്രിമാര്‍ മത്സരിക്കുന്നില്ലെന്ന വാര്‍ത്ത കോണ്‍ഗ്രസ് ക്യാമ്പില്‍ ആവേശമുയര്‍ത്തി.ഒപ്പം സ്ഥാനാര്‍ത്ഥിപ്പടികയുടെ നീളവും കൂടി.ആലപ്പുഴയിലും അമ്പലപ്പുഴയിലും മത്സരിയ്ക്കാന്‍ പ്രമുഖരുടെ നീണ്ടനിരയാണിപ്പോള്‍.

അമ്പലപ്പുഴയിൽ മുൻ എം.എൽ.എമാരായ ഡി. സുഗതൻ, എ.എ. ഷുക്കൂർ, മുൻ ജില്ലാപഞ്ചായത്തംഗം എ.ആർ. കണ്ണൻ, യൂത്ത് കോൺഗ്രസ് നേതാവ് എം.പി. പ്രവീൺ എന്നിവരുടെ പേരുകൾക്കുപുറമേ ഡി.സി.സി. പ്രസിഡന്റ് എം. ലിജുവിന്റെ പേരും ഇപ്പോൾ കേൾക്കുന്നു. എന്നാൽ, കായംകുളത്തുതന്നെ മത്സരിക്കണമെന്ന നിലപാടിലാണു ലിജുവെന്നു പറയുന്നു.

പുറമേനിന്ന് പ്രമുഖരായവരെ രംഗത്തിറക്കിയും മണ്ഡലം പിടിച്ചടക്കണമെന്ന നിർദേശവും ജില്ലാ നേതൃത്വത്തിനുമുന്നിലുണ്ട്. ആലപ്പുഴയിൽ മന്ത്രി തോമസ് ഐസക്കിന്റെ അഭാവത്തിൽ കോൺഗ്രസിന് ഏറ്റവും ഉചിതനായ സ്ഥാനാർഥി മുൻ എം.പി. ഡോ. കെ.എസ്. മനോജ് തന്നെയാണെന്നാണു നേതൃത്വം വിലയിരുത്തുന്നത്. സി.പി.എം. അനുഭാവികളുടെ ഉൾപ്പെടെയുള്ള വോട്ടുകൾ അദ്ദേഹത്തിനുനേടാൻ കഴിയുമെന്ന് അവർ കരുതുന്നു.

ചെങ്ങന്നൂരിൽ പി.സി. വിഷ്ണുനാഥ്, എബി കുര്യാക്കോസ്, എം. മുരളി, ബി. ബാബു പ്രസാദ് എന്നീ നേതാക്കളുടെ പേരുകൾക്കാണു മുൻതൂക്കം. ചേർത്തലയിൽ കഴിഞ്ഞവർഷം മത്സരിച്ച യൂത്ത് കോൺഗ്രസ് നേതാവ് എസ്. ശരത്തിനുതന്നെ സീറ്റ് കിട്ടുമെന്നനിലയാണ്. യു.ഡി.എഫ്. കൺവീനർ സി.കെ. ഷാജിമോഹനും ഇവിടെ രംഗത്തുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker