ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,553 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ, രാജ്യത്ത് ചികിത്സയില്‍ തുടരുന്ന കൊവിഡ് രോഗികളുടെ എണ്ണം 1,22,801 ആയി. കൊവിഡ് കേസുകളില്‍ ഒരാഴ്ച കൊണ്ട് നാലിരട്ടി വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 284 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങള്‍ 4,81,770 ആയി.
രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണവും ഉയരുകയാണ്. 1525 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 461 കേസുകള്‍ മഹാരാഷ്ട്രയിലും 351 ഡല്‍ഹിയിലുമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. 461 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗബാധ സ്ഥിരീകരിച്ചത്.
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 9170 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ പ്രതിദിന കൊവിഡ് കേസുകളില്‍ 51 ശതമാനത്തിന്റെ വര്‍ധന. ഒരാഴ്ചയ്ക്കിടെ നാലിരട്ടി വര്‍ധനയാണ് രാജ്യത്തെ പ്രതിദിന കേസിലുണ്ടായത്.
കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാള്‍, ഹരിയാന, തെലങ്കാന സംസ്ഥാനങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ബംഗാളില്‍ രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായി. 4,512 പേര്‍ക്ക് സംസ്ഥാനത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 2,716 കേസുകളാണ് സ്ഥിരീകരിച്ചത്.
അതേസമയം, സംസ്ഥാനത്ത് കുട്ടികളുടെ വാക്‌സിനേഷന്‍ നാളെ ആരംഭിക്കും. കുട്ടികളുടെ വാക്സിനേഷനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യുന്നതിനും തടസമില്ല. ജനുവരി 10 വരെ ബുധനാഴ്ച ഒഴികെ ഞായറാഴ്ച ഉള്‍പ്പെടെ എല്ലാ ദിവസവും ജനറല്‍, ജില്ലാ, താലൂക്ക് ആശുപത്രികളിലും സിഎച്ചിസികളിലും കുട്ടികള്‍ക്കുള്ള വാക്സിനേഷനുണ്ടായിരിക്കും. എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ബുധനാഴ്ച ഒഴികെ ഞായറാഴ്ച ഉള്‍പ്പെടെ നാല് ദിവസങ്ങളില്‍ കുട്ടികളുടെ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.