FeaturedNews

വ്യാപനം അതിവേഗത്തില്‍; 24 മണിക്കൂറിനിടെ 2.59 ലക്ഷം പേര്‍ക്ക് കൊവിഡ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിശക്തമായി തുടരുന്നു. ഇന്ന് 2.59 ലക്ഷം പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറില്‍ 1,761 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.

ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 1,80,530 ആയി ഉയര്‍ന്നു. രാജ്യത്തെ മൊത്തം കൊവിഡ് കേസുകള്‍ ഒന്നരക്കോടി (1,53,21,089) കവിഞ്ഞു. കഴിഞ്ഞ 16 ദിവസംകൊണ്ട് 27.50 ലക്ഷം രോഗികളുണ്ടായി. ദിവസേനയുള്ള പുതിയ കൊവിഡ് രോഗികളുടെ എണ്ണം മൂന്നു ലക്ഷത്തിലേക്ക് അടുത്തതോടെ രാജ്യത്ത് യുദ്ധസമാനമായ ആരോഗ്യ അടിയന്തരാവസ്ഥയുടെ സ്ഥിതിയായി.

തലസ്ഥാനമായ ഡല്‍ഹിയില്‍ പരിശോധിക്കുന്നവരില്‍ മൂന്നിലൊരാള്‍ക്കു വീതം കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂവിനു പിന്നാലെ അടുത്ത തിങ്കളാഴ്ച വരെ സമ്പൂര്‍ണ ലോക്ക്ഡൗണും ഇന്നലെ രാത്രി പ്രാബല്യത്തിലായി. മഹാരാഷ്ട്രയില്‍ മേയ് ഒന്നു വരെ കര്‍ഫ്യൂ അടക്കം കര്‍ശന നിയന്ത്രണം തുടരും.

മുംബൈ, ഡല്‍ഹി, അഹമ്മദാബാദ് അടക്കമുള്ള നഗരങ്ങളിലെ ആശുപത്രികള്‍ രോഗികളെക്കൊണ്ടും മോര്‍ച്ചറികളും ശ്മശാനങ്ങളും മൃതശരീരങ്ങള്‍ കൊണ്ടും നിറഞ്ഞു. മെഡിക്കല്‍ ഓക്‌സിജനും വെന്റിലേറ്ററും മരുന്നുകളും മുതല്‍ കൊവിഡ് രോഗികള്‍ക്കുള്ള ചികിത്സാസൗകര്യങ്ങള്‍ക്കും പ്രതിരോധ വാക്‌സിനും വരെ ക്ഷാമം തുടര്‍ന്നു. ഡല്‍ഹിയിലും മുംബൈയിലും നേരത്തേ പ്രവര്‍ത്തനം നിര്‍ത്തിയ പ്രത്യേക കോവിഡ് സെന്ററുകളും സ്റ്റേഡിയങ്ങളും ചില ഹോട്ടലുകളും വീണ്ടും കോവിഡ് ചികിത്സയ്ക്കായി സജ്ജീകരിച്ചു.

ഓക്സിജന്‍ ലഭ്യമാകാത്തതിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ ആറ് കൊവിഡ് രോഗികള്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. വെല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊവിഡ് വാര്‍ഡിലുണ്ടായിരുന്ന രണ്ട് പേരും തീവ്ര പരിചരണ വിഭാഗത്തിലുണ്ടായിരുന്ന നാല് രോഗികളുമാണ് ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചതെന്നാണ് ആരോപണം. ആശുപത്രി അധികൃതരുടെ വീഴ്ച മൂലമാണ് മരണം സംഭവിച്ചതെന്നും ഓക്സിജന്‍ വിതരണത്തിലെ അപാകതയാണ് കാരണമെന്നും ബന്ധുക്കള്‍ ആരോപിച്ചു.

വിതരണ ശ്യംഘലയിലെ സാങ്കേതിക പിഴവ് കാരണമാണ് ഓക്‌സിജന്‍ മുടങ്ങിയതെന്നാണ് പുറത്ത് വരുന്ന വിവരം. അതേസമയം സങ്കേതിക പ്രശ്‌നം മിനിറ്റുകള്‍ക്കകം പരിഹരിച്ചിരുന്നെന്നാണ് ആശുപത്രിയുടെ വിശദീകരണം. സംഭവത്തില്‍ ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

മരിച്ച രോഗികള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. നാല് പേര്‍ പ്രമേഹം, രക്തസമ്മര്‍ദ്ദം, വൃക്കസംബന്ധമായ പ്രശ്നങ്ങള്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍ തുടങ്ങിയ ഉണ്ടായിരുന്നവരാണെന്നാണ് അധികൃതര്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker