തിരുവനന്തപുരം: ഓണത്തിന് ശേഷം കോവിഡ് വ്യാപനം രൂക്ഷമായതായി ആരോഗ്യവകുപ്പ്. ഗന്ധം തിരിച്ചറിയുന്നത് നഷ്ടപ്പെടുന്നത് ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ സ്വയം തിരിച്ചറിഞ്ഞ് പരിശോധനക്ക് സന്നദ്ധമാകണമെന്ന് അധികൃതർ നിർദേശിച്ചു. പ്രാദേശിക തലത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ കാര്യക്ഷമത വര്‍ധിപ്പിക്കണമെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഓണത്തോടനുബന്ധിച്ച് ആളുകള്‍ കൂടുതല്‍ അടുത്തിടപഴകാനും അതിലൂടെ രോഗവ്യാപനം വര്‍ധിക്കാനും സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ രോഗസ്ഥിരീകരണ നിരക്ക് മുന്‍ ആഴ്ചകളെക്കാള്‍ കൂടിയിട്ടുണ്ട്. പരിശോധനക്ക് വിധേയമാക്കുന്നവരില്‍ പോസിറ്റീവ് ആകുന്നതിന്റെ തോത് തിരുവനന്തപുരത്ത് 9.9 ല്‍ നിന്നും 13.6 ശതമാനമായും കണ്ണൂരില്‍ 8.2 ല്‍ നിന്നും 12.6 ശതമാനമായുമാണ് വര്‍ധിച്ചത്. അതേസമയം കൊല്ലം, ഇടുക്കി ജില്ലകളിലെ രോഗികളുടെ എണ്ണം ഇരട്ടിക്കുന്നതിലെ ഇടവേള കുറഞ്ഞിട്ടുണ്ട്.