KeralaNews

നാട്ടില്‍ കൊവിഡ് വ്യാപനം; ആരോഗ്യ ഉദ്യോഗസ്ഥര്‍ ഉല്ലാസയാത്രയില്‍!

അമ്പലപ്പുഴ: നാട് കൊവിഡ് വ്യാപന ആശങ്കയില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട ആരോഗ്യ വകുപ്പുദ്യോഗസ്ഥര്‍ ഉല്ലാസയാത്രയില്‍ എന്ന് ആരോപണം. അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിംഗ് സെന്ററിലെ ആരോഗ്യ വകുപ്പുദ്യോഗസ്ഥരാണ് പഠനയാത്രയുടെ മറവില്‍ കുടുംബസമേതം മൂന്നാറിലടക്കം ഉല്ലാസ യാത്ര നടത്തിയതെന്ന് ആക്ഷേമുള്ളത്.

മുന്‍ കാലത്തേതുപോലെ ഇത്തവണയും അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിലടക്കം കോവിഡ് വര്‍ധിക്കുകയാണ്.ഇതിന്റെ ടിപിആര്‍ പോലും പുറത്തു വിടാന്‍ തയാറാകാത്ത ഉദ്യോഗസ്ഥരാണ് സര്‍ക്കാര്‍ നിര്‍ദേശം കാറ്റില്‍പ്പറത്തി ഉല്ലാസയാത്രക്ക് പോയത്. ആരോഗ്യ വകുപ്പിന്റെ കായകല്‍പ്പ പുരസ്‌കാരം നേടിയ മൂന്നാറിന് സമീപമുള്ള ആരോഗ്യ സ്ഥാപനത്തെക്കുറിച്ച് പഠിക്കാനെന്ന പേരിലാണ് ഇവര്‍ ഈ ഉല്ലാസ യാത്ര നടത്തിയത്.

ചില ജീവനക്കാര്‍ക്കു മാത്രം പോകാനാണ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍, ഇവരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ 40ലധികം പേരാണ് രഹസ്യ യാത്ര നടത്തിയത് എന്നാണ് വിവരം. യാത്ര പരമാവധി മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ അവധി ദിവസമാണ് ഇവര്‍ തെരഞ്ഞെടുത്തത്. അമ്പലപ്പുഴ ക്ഷേത്രത്തില്‍ പന്ത്രണ്ട് കളഭ മഹോത്സവത്തിന് ആരോഗ്യ വകുപ്പിന്റെ ഹെല്‍പ്പ് ഡസ്‌ക് ആരംഭിച്ചിട്ട് ഇതു മാതൃകാപരമായി പ്രവര്‍ത്തിപ്പിക്കാന്‍ പോലും യുഎച്ച് ടിസി അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് ആരോപണമുണ്ട്.

കൊവിഡ് ആശങ്ക നിലനില്‍ക്കുമ്പോഴും ഹെല്‍പ്പ് ഡസ്‌ക്കിന്റെ പ്രവര്‍ത്തനം ആശാ വര്‍ക്കര്‍മാരെ ഏല്‍പ്പിച്ച ശേഷം ഉല്ലാസയാത്രക്കു പോയ ഉദ്യോഗസ്ഥര്‍ക്കെതിരെയും ഇതിന് അനുമതി നല്‍കിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം വേണമെന്ന് നാട്ടുകാരുടെ ആവശ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button