KeralaNews

കൊവിഡ് രോഗികൾ കുത്തനെ ഉയരുന്നു, മഹാരാഷ്ട്രയിൽ ആശങ്ക,മോദിയുടെ യുഎഇ സന്ദര്‍ശനം മാറ്റിവെച്ചു

മുംബൈ:രാജ്യത്ത് കൊവിഡ് 19 ( Covid 19 India ) കേസുകള്‍ വീണ്ടും ഉയരാനിടയുണ്ടെന്ന സൂചന നിലനില്‍ക്കേ മഹാരാഷ്ട്രയില്‍ ( Maharashtra ) കൊവിഡ് കേസുകള്‍ കുത്തനെ വര്‍ധിക്കുന്നു. ഇത് ആശങ്കാജനകമായ സാഹചര്യമാണെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ( Health Minister ) രാജേഷ് ടോപ് അറിയിച്ചു. 

കൊവിഡ് 19 പരത്തുന്ന ഏറ്റവും പുതിയ വൈറസ് വകഭേദമായ ഒമിക്രോണ്‍ നിലവില്‍ വലിയ തോതിലുള്ള ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ഇതിനിടെയാണ് മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകളിലെ വര്‍ധനവ്. ഒമിക്രോണ്‍ കേസുകളും നിലവില്‍ രാജ്യത്ത് ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്.

 

കൊവിഡ് ആദ്യ തരംഗത്തിലും രണ്ടാം തരംഗത്തിലും ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയത് മഹാരാഷ്ട്രയിലായിരുന്നുവെന്നതും ശ്രദ്ധേയമായ വസ്തുതയാണ്. രാജ്യത്ത് കൊവിഡ് മൂന്നാം തരംഗമുണ്ടാകുമോ എന്ന സംശയം നിലനില്‍ക്കേ, മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ് അധികൃതര്‍. 

‘കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ കര്‍ശനമായി പിന്തുടരേണ്ട സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. വാകിസ്‌നേഷനും കാര്യമായ പ്രാധാന്യം നല്‍കേണ്ടതുണ്ട്. ഒരു മുന്നറിയിപ്പെന്ന നിലയ്ക്കാണ് ഇവിടത്തെ സാഹചര്യം കാണേണ്ടത്…’- ആരോഗ്യമന്ത്രി രാജേഷ് ടോപ് പറഞ്ഞു. 

ഡിസംബര്‍ 10ന് സംസ്ഥാനത്ത് 6,543 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ മാസാവസാനത്തിലേക്ക് എത്തിയപ്പോഴേക്ക് പതിനൊന്നായിരത്തിലധികം കേസുകള്‍ എന്ന നിലയിലേക്ക് ഇതുയര്‍ന്നു. ഇന്ന് 11,492 കേസുകളാണ് ആകെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 

ചുരുങ്ങിയ സമയത്തിനകം കേസുകള്‍ ഇരട്ടിക്കുന്നതും ആശങ്കാജനകമാണെന്ന് ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ക്കുന്നു. മുംബൈയിലാണ് ഏറ്റവുമധികം കേസുകള്‍ പ്രതിദിനം വരുന്നത്. ഇന്ന് 2,200 കേസുകളാണ് മുംബൈയിലുള്ളത്. മാസ്‌ക് ധരിക്കുക, സാമൂഹികാകലം പാലിക്കുക, ആള്‍ക്കൂട്ടം ഒഴിവാക്കുക തുടങ്ങിയ കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും വാക്‌സിനേഷന്‍ പ്രക്രിയ ത്വരിതപ്പെടുത്തുന്നതിന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും എന്‍ജിഒകളും സജീവമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും മന്ത്രി പറയുന്നു.

ഒമിക്രോണ്‍(Omicron) ആശങ്കകളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ(Narendra Modi) യുഎഇ(UAE) സന്ദര്‍ശനം മാറ്റിവെച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 2022ലെ അദ്ദേഹത്തിന്റെ ആദ്യ വിദേശയാത്രയായിരുന്നു ഇത്. ജനുവരി ആറിനായിരുന്നു പ്രധാനമന്ത്രി യുഎഇ സന്ദര്‍ശിക്കാനിരുന്നത്. 

ദുബൈ എക്‌സ്‌പോ മോദി സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇന്ത്യയും യുഎഇയും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 50-ാം വാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് മോദി യുഎഇ സന്ദര്‍ശിക്കാനൊരുങ്ങിയത്. 2015ലാണ് പ്രധാനമന്ത്രി ആദ്യമായി യുഎഇ സന്ദര്‍ശിച്ചത്. 2018ലും  2019ലും മോദി യുഎഇ സന്ദര്‍ശിച്ചിരുന്നു. രാജ്യത്തെ ഉന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് അംഗീകാരവും മോദിക്ക് ലഭിച്ചിട്ടുണ്ട്.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker