KeralaNews

ബൂത്തുകളില്‍ തെര്‍മല്‍ സ്‌കാനര്‍; പുറത്ത് സോപ്പ്, വെള്ളം, സാനിറ്റൈസര്‍; തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: കൊവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പു നടക്കുക. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം തെരഞ്ഞെടുപ്പ് നടപടികളെന്ന് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളില്‍ മാസ്‌ക്, സാനിറ്റൈസര്‍, കൈയുറകള്‍ എന്നിവയും, സാമൂഹിക അകലം പാലിക്കലും നിര്‍ബന്ധമാക്കും.

പൊതുതിരഞ്ഞെടുപ്പിന്റെ ഓരോഘട്ടത്തിലും കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. വോട്ടെടുപ്പിന് ഒരു ദിവസം മുമ്പ് പോളിങ് സ്റ്റേഷനുകള്‍ നിര്‍ബന്ധമായും അണുവിമുക്തമാക്കണം. മുഴുവന്‍ പോളിങ് ബൂത്തുകളിലും തെര്‍മല്‍ സ്‌കാനറും പിപിഇ കിറ്റുകളും ബ്രേക്ക് ദ ചെയിന്‍ കിറ്റുകളും ഉണ്ടെന്ന് ഉറപ്പാക്കണം.

മാസ്‌ക്ക് കോര്‍ണറും ബൂത്തുകളില്‍ സജ്ജീകരിക്കണം. പ്ലാസ്റ്റിക് ഗ്ലൗസുകള്‍, ഫേസ് ഷീല്‍ഡ്, സാനിറ്റൈസര്‍ എന്നിവ ലഭ്യമാക്കണം.പോളിങ് ബൂത്തിന് പൂറത്ത് വെള്ളം, സോപ്പ് എന്നിവയും ബൂത്തിനകത്ത് സാനിറ്റൈസറും നിര്‍ബന്ധമായും കരുതണം. പോളിങ് ബൂത്തിന് മുമ്പില്‍ വോട്ടര്‍മാര്‍ക്ക് സാമൂഹ്യ അകലം പാലിച്ച് ക്യൂ നില്‍ക്കുന്നതിന് നിശ്ചിത അകലത്തില്‍ പ്രത്യേകം മാര്‍ക്ക് ചെയ്യണം.

വോട്ടര്‍മാരുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനായി പ്രത്യേക പരിശീലനം ലഭിച്ചവര്‍ ബൂത്തുകളിലുണ്ടാകും. പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, രോഗികള്‍ എന്നിവര്‍ക്ക് ക്യൂ നിര്‍ബന്ധമില്ല. പോളിങ് സ്റ്റേഷനുകളുടെ നിശ്ചിത ദൂരപരിധിക്ക് പുറത്ത് സ്ഥാനാര്‍ത്ഥികളോ മറ്റോ സ്ലിപ്പ് വിതരണം ചെയ്യുന്നിടത്ത് സോപ്പ്, വെള്ളം, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമാണ്. സ്ലിപ്പ് വിതരണത്തിന് രണ്ടു പേരില്‍ കൂടുതല്‍ പാടില്ല.

സ്ലിപ്പ് വിതരണം നടത്തുന്നവര്‍ മാസ്‌ക്, കൈയ്യുറ നിര്‍ബന്ധമായും ധരിക്കണം. വോട്ടെടുപ്പ് ദിനത്തില്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ഫെയ്സ് ഷീല്‍ഡ് മാസ്‌ക്, സാനിറ്റൈസര്‍, കൈയ്യുറ എന്നിവ ഉണ്ടായിരിക്കണം. പോളിങ് ഏജന്റുമാര്‍ക്കും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധം. വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേയ്ക്കു പോകുമ്പോഴും നിര്‍ബന്ധമായും സാനിറ്റൈസര്‍ ഉപയോഗിക്കണം.

വോട്ടര്‍മാര്‍ മാസ്‌ക് ധരിച്ച് തിരിച്ചറിയല്‍ രേഖ കാണിച്ച് ബോധ്യപ്പെടുത്തണം. തിരിച്ചറിയല്‍ വേളയില്‍ മാത്രം ആവശ്യമെങ്കില്‍ മാസ്‌ക് മുഖത്ത് നിന്ന് മാറ്റാം. ബൂത്തിനകത്ത് ഒരേസമയം മൂന്ന് വോട്ടര്‍മാര്‍ക്ക് സാമൂഹ്യ അകലം പാലിച്ച് മാത്രമായിരിക്കും പ്രവേശനം.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാവര്‍ക്കും വോട്ട് ചെയ്യാനുള്ള സൗകര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ എല്ലാവരും തങ്ങളുടെ സമ്മതിദാനാവകാശം ശ്രദ്ധാപൂര്‍വം വിനിയോഗിക്കേണ്ടതാണ്. അതോടൊപ്പം പൊതുജനങ്ങളും ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെടെ എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കുകയും വേണമെന്ന് ആരോഗ്യ വകുപ്പ് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker