മലപ്പുറത്തെ കൊവിഡ് രോഗിയെത്തിയത് മഹാരാഷ്ട്രയില്‍ നിന്ന് അനുതിയില്ലാതെ,സമ്പര്‍ക്കം പാലിച്ചവര്‍ ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടര്‍
മലപ്പുറം: മലപ്പുറത്ത് വ്യാഴാഴ്ച കൊറോണ സ്ഥിരീകരിച്ചത് മുംബൈയില്‍നിന്ന് ചരക്ക് ലോറിയില്‍ അനുമതിയില്ലാതെ കേരളത്തില്‍ എത്തിയയാള്‍ക്ക്. മുംബൈയില്‍നിന്ന് ഏപ്രില്‍ 11-ന് മലപ്പുറത്തെത്തിയ ആള്‍ക്കാണു ഇന്ന് രോഗം സ്ഥിരീകരിച്ചത്. മാറഞ്ചേരി പരിച്ചകം സ്വദേശിയായ 40-കാരനാണ് ഇയാള്‍.ഏപ്രില്‍ 27-ന് മുംബൈ താനെ ജില്ലയിലെ ഭിവണ്ടിയില്‍ ഇളനീര്‍ വില്‍പ്പന കേന്ദ്രത്തിലെ തൊഴിലാളികളായ മാറഞ്ചേരി പരിച്ചകം സ്വദേശിയും എടപ്പാള്‍ കാലടി സ്വദേശിയും ഒന്നിച്ച് യാത്ര ചെയ്താണ് കേരളത്തിലെത്തിയത്.
കല്‍പറ്റ വഴി ഏപ്രില്‍ 15-ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് കോഴിക്കോടെത്തി. കോഴിക്കോടുനിന്ന് അരി ലോറിയില്‍ യാത്ര ചെയ്ത് വൈകുന്നേരം ആറ് മണിയ്ക്ക് രാമനാട്ടുകരയിലെത്തി. അവിടെ നിന്ന് ചേളാരിയിലേക്ക് നടന്നെത്തി. രാത്രി 8.30-ന് ചേളാരിയില്‍ നിന്ന് സ്വന്തം സഹോദരനും കാലടി സ്വദേശിക്കുമൊപ്പം നാട്ടില്‍ നിന്നെത്തിയ ഓട്ടോറിക്ഷയില്‍ യാത്രതിരിച്ചു കാലടി സ്വദേശിയെ ചമ്രവട്ടം പാലത്തിനടുത്ത് ഇറക്കി. പിന്നീട് ഓട്ടോറിക്ഷയില്‍ രാത്രി 11.30 ന് മാറഞ്ചേരി പരിച്ചകത്തെ വീട്ടിലെത്തി.
ഇയാള്‍ മുംബൈയില്‍ നിന്നെത്തിയ വിവരമറിഞ്ഞ് ആരോഗ്യ പ്രവര്‍ത്തകര്‍ ഇടപെട്ട് ഏപ്രില്‍ 16-ന് വൈകുന്നേരം ഏഴിന് മാറഞ്ചേരിയിലെ കൊറോണ കെയര്‍ സെന്ററിലേക്ക് മാറ്റി പ്രത്യേക നിരീക്ഷണം ആരംഭിച്ചു. കൂടെയുണ്ടായിരുന്ന കാലടി സ്വദേശിക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടതോടെ ഇയാളെയും ഏപ്രില്‍ 26-ന് രാത്രി 9.30-ന് 108 ആംബുലന്‍സില്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഏപ്രില്‍ 27-നാണ് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്.
വൈറസ് ബാധ സ്ഥിരീകരിച്ച മാറഞ്ചേരി പരിച്ചകം സ്വദേശിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ പിതാവ്, മാതാവ്, സഹോദരന്‍, ചേളാരിയില്‍ നിന്ന് ഇയാളെ കൊണ്ടുവന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ എന്നിവരെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തിലെത്തിച്ച് പരിശോധനകള്‍ക്ക് വിധേയരാക്കി.ഇവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിര്‍ബന്ധമായും സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു.