കൊല്ലം: കൊറോണ വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ 14 ദിവസമെന്ന ഇന്‍കുബേഷന്‍ സമയ പരിധിക്ക് ശേഷവും ചിലരില്‍ രോഗ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതായി പഠനങ്ങള്‍. എന്നാല്‍ ഇത് വളരെ ചെറിയൊരു ശതമാനം ആളുകളില്‍ മാത്രമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
രോഗബാധിതരുടെ സ്രവങ്ങളില്‍ വൈറസിന്റെ സാന്നിധ്യം 39 ദിവസം വരെ നീണ്ടുനില്‍ക്കുന്ന വൈറസ് ഷൈഡിംഗും ഉണ്ടാകാം. എന്നാല്‍ വൈറസ് ഷെഡിംഗ് സമയത്ത് രോഗം പകരുന്നതിനുള്ള സാധ്യത വളരെ കുറവാണെന്നും അതിനാല്‍ ആശങ്കവേണ്ടെന്നുമാണ് വിദഗ്ധര്‍ പറയുന്നത്.
വൈറസ് ബാധ ഉണ്ടായി രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാനെടുക്കുന്ന സമയപരിധിയായ ഇന്‍കുബേഷന്‍ പിരീഡ് സാധാരണ ഗതിയില്‍ 14 ദിവസമാണ്. എന്നാല്‍ എല്ലാവരിലും ഇക്കാലയളവായിരിക്കണമെന്നില്ല. രോഗലക്ഷണങ്ങള്‍ കാണിക്കാത്തവര്‍ക്കും സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇവരില്‍ ചിലര്‍ക്ക് ചികിത്സ തുടങ്ങി 39 ദിവസം വരെ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഈ കാലയളവില്‍ രോഗിയില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരണമെന്നില്ല. കേരളത്തില്‍ വൈറസ് ബാധ സ്ഥിരീകരിച്ച 80 ശതമാനം പേര്‍ക്കും ചെറിയ രോഗ ലക്ഷണങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. 20 മുതല്‍ 30 ശതമാനം പേര്‍ക്ക് ഒരു രോഗലക്ഷണവും ഉണ്ടായിരുന്നില്ല.