കൊവിഡ് മരണസംഖ്യ ഒന്നരലക്ഷം കടന്നു,രോഗാ ബാധിതര്‍ 22 ലക്ഷം കവിഞ്ഞു,അമേരിക്കയില്‍ ഇന്നലെ മാത്രം മരിച്ചത് 2476 പേര്‍
ന്യൂയോര്‍ക്ക്: ലോകത്ത് ആകമാനം മരണഭയം വിതച്ച് കൊവിഡ് രോഗികളുടെ എണ്ണം ഇരുപത്തിരണ്ടര ലക്ഷം കടന്നു. മരണ സംഖ്യ ഒരു ലക്ഷത്തി അമ്പത്തി അയ്യായിരത്തിലേക്ക് അടുക്കുകയാണ്. 22,48,029 പേര്‍ക്കാണ് ലോകത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. 1,54,108 പേര്‍ മരിച്ചു. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത്. ബ്രിട്ടനിലും മരണ സംഖ്യയില്‍ കാര്യമായ കുറവില്ല. എന്നാല്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ മരണ നിരക്കില്‍ കുറവുണ്ട്. സ്പെയിന്‍, ഇറ്റലി, ഫ്രാന്‍സ് , ജര്‍മനി എന്നീ രാജ്യങ്ങളിലാണ് മരണസംഖ്യയില്‍ നേരിയ കുറവ് വന്നത്.
ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള അമേരിക്കയില്‍ കൊവിഡ് രോഗികളുടെ എണ്ണം ഏഴ് ലക്ഷം കടന്നു. ഇന്നലെ മാത്രം 2476 മരണമാണ് അമേരിക്കയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തതത്. അതേസമയം, രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധന കണ്ടുതുടങ്ങിയിട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രസിഡന്റ് ട്രംപും സംസ്ഥാന ഗവര്‍ണര്‍മാരും തമ്മിലുള്ള ഭിന്നതകള്‍ തുടരുകയാണ്.
ബ്രിട്ടനില്‍ മരണസംഖ്യ പതിനയ്യായിരത്തോട് അടുക്കുകയാണ്. ഇന്നലെ മാത്രം എണ്ണൂറ്റി നാല്‍പ്പത്തിയേറ് മരണമാണ് ബ്രിട്ടനില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തത്. ആറായിരത്തോളം പുതിയ കൊവിഡ് പോസിറ്റീവ് കേസുകളും ഇന്നലെ ഉണ്ടായി. കൊവിഡ് രോഗബാധയേല്‍ക്കുമോ എന്ന ഭീതിയില്‍ മറ്റ് രോഗങ്ങളുള്ളവരും ബ്രിട്ടനിലെ ആശുപത്രികളിലേക്ക് വരാന്‍ മടിക്കുകയാണ്. ഈ സാഹചര്യത്തില്‍ രോഗികളെ ആശുപത്രിയിലേക്ക് ക്ഷണിച്ചുകൊണ്ട് വീഡിയോ തയ്യാറാക്കിയിരിക്കുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍.
യൂറോപ്യന്‍ രാജ്യമായ പോളണ്ടിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഏതാണ്ട് കേരളത്തോട് അടുത്ത് മാത്രം ജനസംഖ്യയുള്ള പോളണ്ടില്‍ ദിവസം ശരാശരി ഇരുപത് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പോളണ്ട് തലസ്ഥാനമായ വാഴ്‌സയില്‍ ഒരു മലയാളി വിദ്യാര്‍ത്ഥിക്കും കൊവിഡ് 19 സ്ഥിരീകരിച്ചു.