വീണ്ടും കൊവിഡ് വ്യാപനം; തമിഴ്‌നാട്ടിൽ വീണ്ടും മാസ്‌ക് നിർബന്ധമാക്കി; പിഴ 500 രൂപ
ചെന്നൈ: കൊവിഡ് രോഗവ്യാപനം വർദ്ധിക്കുന്നത് കണക്കിലെടുത്ത് തമിഴ്‌നാട്ടിൽ പൊതുയിടങ്ങളിൽ മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കി. നിബന്ധന ലംഘിക്കുന്നവരിൽ നിന്ന് 500 രൂപ പിഴയീടാക്കാനും തീരുമാനമായി. ഐഐടി മദ്രാസിലെ 30 വിദ്യാർത്ഥികളിൽ കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടപടി.
രാജ്യത്തുടനീളം പ്രത്യേകിച്ച് തലസ്ഥാനമായ ഡൽഹിയിൽ രോഗനിരക്ക് വർദ്ധിക്കുന്നത് കണക്കിലെടുത്താണ് നടപടിയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗവ്യാപനം കുറഞ്ഞതിന് പിന്നാലെ സംസ്ഥാത്ത് മാസ്‌ക് നിബന്ധന ഒഴിവാക്കിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾ അലസത പ്രകടിപ്പിക്കുന്നതിനാലാണ് പിഴ ഈടാക്കാൻ തീരുമാനിച്ചതെന്ന് ആരോഗ്യവകുപ്പിലെ പ്രിൻസിപ്പൽ സെക്രട്ടറി ജെ രാധാകൃഷ്ണൻ പറഞ്ഞു. കഴിഞ്ഞ രണ്ട് ദിസവമായി തമിഴ്‌നാട്ടിൽ കൊവിഡ് കേസുകളിൽ വർദ്ധനവ് ഉണ്ടാവുകയാണ്. 39 പേരിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു ദിവസം നടത്തുന്ന കൊവിഡ് പരിശോധനകളുടെ എണ്ണം 18,000ൽ നിന്നും 25,000 ആയി വർദ്ധിപ്പിച്ചു.
അതേസമയം, നാലാം തരംഗത്തിന്റെ ആശങ്ക ഉയർത്തി രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്. ഇരുപത്തിനാലുമണിക്കൂറിനിടെ 2451 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തുടർച്ചയായി മൂന്നാം ദിവസമാണ് രോഗബാധിതരുടെ എണ്ണം 2,000 കടക്കുന്നത്. പലയിടങ്ങളിലും പുതിയ കൊവിഡ് ക്ളസ്റ്ററുകൾ രൂപം കൊള്ളുന്നതാണ് ആശങ്ക കടുപ്പിക്കുന്നത്.