കൊവിഡ് 19: ലോക്ക് ഡൗണ്‍ ഫലം കാണുന്നു, രോഗവ്യാപനം കുറഞ്ഞതായി ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ തോത് കുറയുന്നുവെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം.ദിവസേന പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും പടരുന്നതിന്റെ വേഗത്തിലും തോതിലും കുറവുണ്ട്. രാജ്യത്തു ലോക്ക് ഡൌണ്‍ നടപ്പാക്കിയശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് ഇതുസംബന്ധിച്ചു കൃത്യമായ റിപ്പോര്‍ട്ട് ലഭിച്ചതെന്നു മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വ്യക്തമാക്കി.ജനങ്ങള്‍ 21 ദിവസത്തെ അടച്ചുപൂട്ടല്‍ കൃത്യമായി പാലിച്ച്, സാമൂഹിക അകലം സൂക്ഷിച്ചാല്‍ കോവിഡിനെ പരാജയപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കൊറോണ വൈറസ് രോഗികളെ ചികിത്സിക്കുന്നതിനായി പ്രത്യേകം ആശുപത്രികള്‍ നിര്‍മിക്കാന്‍ 17 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി . ഇന്ത്യ കൊറോണ വൈറസ് ഉയര്‍ത്തുന്ന വെല്ലുവിളിക്കെതിരെ പോരാടാന്‍ സജ്ജമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം കൊതുകുകളാണ് കൊറോണ പരത്തുന്നതെന്ന അഭ്യൂഹങ്ങളും തള്ളിക്കളഞ്ഞു.രാജ്യത്തെ ജനങ്ങള്‍ ലോക്ക് ഡൌണ്‍ നിലനില്‍ക്കുമ്‌ബോള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ രാജ്യത്തെ രോഗവ്യാപനത്തിന്റെ തോത് വര്‍ധിക്കുമെന്നും സാമൂഹിക വ്യാപനം എന്ന ഘട്ടത്തിലേക്ക് എത്തുമെന്നും അഗര്‍വാള്‍ മുന്നറിയിപ്പ് നല്‍കുന്നു.
രാജ്യത്ത് കൊറോണ വൈറസ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നുണ്ട്. ഇന്ത്യ ഇപ്പോള്‍ നിര്‍ണായക ഘട്ടത്തിലാണ്. നിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കുകയോ, സര്‍ക്കാരും ജനങ്ങളും സംയുക്തമായി പ്രവര്‍ത്തിക്കാതിരുന്നാല്‍ സാമൂഹിക വ്യാപനത്തിനിടയാക്കുമെന്നും അഗര്‍വാള്‍ ചൂണ്ടിക്കാണിക്കുന്നു. 100 ശതമാനം സാമൂഹിക അകലം പാലിച്ചാല്‍ കൊറോണ വൈറസ് വ്യാപനം തടയാന്‍ സഹായിക്കുമെന്നും അദ്ദേഹം പറയുന്നു.