
കൊച്ചി: വാളയാര്‍ പീഡനക്കേസില്‍ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കളോട് ഹാജരാകാന്‍ കോടതി നിര്‍ദേശം. അടുത്തമാസം 25 ന് വിചാരണ കോടതിയായ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. കേസില്‍ മാതാപിതാക്കളെ രണ്ടും മൂന്നും പ്രതികളാക്കിയാണ് സിബിഐ കുറ്റപത്രം സമര്‍പിച്ചത്. രജിസ്റ്റര്‍ ചെയ്ത ഒന്‍പത് കേസുകളില്‍ ആറിലും മാതാപിതാക്കളെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. ആത്മഹത്യാ പ്രേരണക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്. സിബിഐ കുറ്റപത്രത്തെ അടിസ്ഥാനമാക്കിയുള്ള നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കാന്‍ മാതാപിതാക്കള്‍ കൂട്ടു നിന്നെന്നാണ് കണ്ടെത്തല്‍. ഇത് അംഗീകരിക്കണമെന്ന് പ്രാരംഭ വാദത്തിനിടെ പ്രത്യേക കോടതിയില്‍ സിബിഐ അപേക്ഷിച്ചിരുന്നു. തുടര്‍ന്നാണ് അടുത്തമാസം ഹാജരാകാന്‍ നിര്‍ദേശിച്ചത്. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സിബിഐയോട് വിശദീകരണം തേടിയിട്ടുണ്ട്.
സിബിഐയുടെ കുറ്റപത്രം റദ്ദാക്കണമെന്നും തുടരന്വേഷണം നടത്തണമെന്നുമാണ് മാതാപിതാക്കളുടെ ആവശ്യം. സിബിഐയുടേത് ആസൂത്രിതമായ അന്വേഷണമെന്ന് ഹര്‍ജിയില്‍ മാതാപിതാക്കള്‍ പറയുന്നു. സുതാര്യമായ അന്വേഷണമല്ല സിബിഐ നടത്തിയതെന്നും ഹര്‍ജിയില്‍ ആക്ഷേപമുണ്ട്. അധികാര ദുര്‍വിനിയോഗം നടത്തിയാണ് സിബിഐ കേസ് അന്വേഷിച്ചതെന്നും വാദമുണ്ട്.
ജീവനൊടുക്കിയ പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കാന്‍ മാതാപിതാക്കള്‍ ഒത്താശ ചെയ്തുവെന്നായിരുന്നു സിബിഐ കുറ്റപത്രം. മക്കളുടെ മുന്നില്‍ വെച്ച് അമ്മയുമായി ഒന്നാം പ്രതി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഇളയ കുട്ടിയെ ഒന്നാം പ്രതിക്ക് പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെയാണ്. മൂത്തമകളുടെ ആത്മഹത്യക്ക് കാരണക്കാരന്‍ ഒന്നാം പ്രതിയാണെന്ന് അമ്മക്കറിയാം. ബലാത്സംഗം ചെയ്യാന്‍ കുഞ്ഞുങ്ങളെ മാതാപിതാക്കള്‍ ഇട്ടുകൊടുക്കുകയായിരുന്നുവെന്നുമാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്.
2017 ജനുവരി 13 നാണ് വാളയാര്‍ പെണ്‍കുട്ടികളില്‍ മൂത്ത സഹോദരിയെയും, മാര്‍ച്ച് 4 ന് ഇളയ സഹോദരിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ മുഴുവന്‍ പ്രതികളെയും വിചാരണകോടതി വെറുതേ വിട്ടതോടെ സി ബി ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. സിബിഐയുടെ ആദ്യ കുറ്റപത്രം തള്ളിയ കോടതി വിശദമായ അന്വേഷണത്തിന് നിര്‍ദ്ദേശിച്ചു. തുടര്‍ന്നാണ് സിബിഐ രണ്ടാമതും കുറ്റപത്രം സമര്‍പ്പിച്ചത്.
കുട്ടികളുടെ മരണം കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണെന്നു ഫോറന്‍സിക് റിപ്പോര്‍ട്ടിലുണ്ട്. കേസിലെ പ്രതികളായ പ്രദീപ്, കുട്ടി മധു എന്ന മധു, പ്രതിയെന്നു സംശയിക്കപ്പെടുന്ന ജോണ്‍ പ്രവീണ്‍ എന്നിവരുടെ സംശയാസ്പദമായ മരണങ്ങളില്‍ ഇതുവരെ ഒരു അന്വേഷണവും നടത്തിയിട്ടില്ലെന്നും മാതാപിതാക്കള്‍ ഹര്‍ജിയില്‍ പറയുന്നു. കേസില്‍ അന്വേഷണം നടത്തിയ സിബിഐ തിരുവനന്തപുരം യൂണിറ്റാണ് മാതാപിതാക്കളെ പ്രതികളാക്കി കൊച്ചി സിബിഐ കോടതിയില്‍ അനുബന്ധ കുറ്റപത്രം നല്‍കിയത്. പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ആറ് കേസുകളിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
കുട്ടികളുടെ മരണത്തില്‍ മാതാപിതാക്കള്‍ക്കു പങ്കുണ്ടെന്നാണ് സിബിഐ അന്വേഷണത്തിലെ കണ്ടെത്തല്‍. ആത്മഹത്യാ പ്രേരണാക്കുറ്റം, ബലാത്സംഗ പ്രേരണാക്കുറ്റം, പീഡന വിവരം അറിഞ്ഞിട്ടും അതു മറച്ചുവയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കുട്ടികളുടെ അച്ഛനും അമ്മയ്ക്കുമെതിരെ ചുമത്തിയത്.