ജീവിച്ചിരുന്നപ്പോള്‍ വിവാഹത്തിന് സമ്മതിച്ചില്ല; ഒടുവില്‍ കമിതാക്കള്‍ക്ക് മരണശേഷം ശ്മശാനത്തില്‍ വിവാഹം
മുംബൈ: കമിതാക്കള്‍ ജീവിച്ചിരുന്നപ്പോള്‍ വിവാഹം നടത്താന്‍ സമ്മതിക്കാതിരുന്ന ബന്ധുക്കള്‍ മരണശേഷം ശ്മശാനത്തില്‍വെച്ച് വിവാഹ ചടങ്ങുകള്‍ നടത്തി. മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയിലെ വേഡ് ഗ്രാമത്തിലാണ് സംഭവം. ഞായറാഴ്ച രാവിലെയാണ് കമിതാക്കളായിരുന്ന യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പാലാഡ് ഗ്രാമത്തിലെ മുകേഷ് സോനവാനെ (22), നേഹ താക്കറെ (19) എന്നിവരാണ് മരിച്ചത്. മുകേഷും നേഹയും ഒരേ കുടുംബത്തില്‍ നിന്നുള്ളവരായതിനാല്‍ അവരുടെ കുടുംബങ്ങള്‍ ബന്ധം അംഗീകരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. വീട്ടുകാര്‍ ഒരിക്കലും തങ്ങളുടെ ആഗ്രഹത്തിന് കൂട്ടുനില്‍ക്കില്ലെന്ന് മനസിലാക്കിയ മുകേഷും നേഹയും ജീവിതം അവസാനിപ്പിച്ചു.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ വേഡ് ഗ്രാമത്തിലേക്ക് കൊണ്ടുവന്നു. ശവസംസ്‌കാര ഘോഷയാത്ര മുകേഷിന്റെയും നേഹയുടെയും വീട്ടില്‍ നിന്ന് വെവ്വേറെ പുറപ്പെട്ടു. ഇരുവരുടെയും മൃതദേഹം സംസ്‌ക്കരിക്കാനായി ഒരേ ശ്മശാനത്തിലേക്കാണ് കൊണ്ടുവന്നത്. അവിടെവെച്ച് ഇരുവരുടെയും ബന്ധുക്കള്‍ കൂടിയാലോചിച്ചാണ് വിവാഹം നടത്താന്‍ തീരുമാനിച്ചത്. പ്രതീകാത്മകമായി വിവാഹ ചടങ്ങുകള്‍ നടത്തിയ ശേഷമാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടത്തിയത്.