കണ്ണീരിലൂടെ കൊറോണ വൈറസ് പകരില്ലെന്ന് പുതിയ പഠനം
സിംഗപ്പൂര്‍: കൊവിഡ് വൈറസ് കണ്ണീരിലൂടെ പകരാനിടയില്ലെന്ന് പുതിയ പഠനം. കൊറോണ ബാധിതരുടെ കണ്ണീരുള്‍പ്പെടെയുള്ള ശരീരസ്രവങ്ങളിലൂടെ വൈറസ് പകരാനിടയാകുമെന്ന അനുമാനത്തിനാണ് ഇതിലൂടെ വിരാമമായിരിക്കുന്നത്.
ഇതിനായി സിംഗപുരിലെ നാഷണല്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഗവേഷകര്‍ 17 രോഗികളില്‍ നിന്ന് കണ്ണീര്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. രോഗലക്ഷണം കണ്ടെത്തിയ സമയം മുതല്‍ രോഗം ഭേദമായി ആശുപത്രി വിടുന്നത് വരെ ഇവരില്‍ നിന്ന് ദിവസനവും കണ്ണീര്‍ ശേഖരിച്ച് പഠനം നടത്തിയിരുന്നു.
എന്നാല്‍, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും രോഗിയില്‍ നിന്നു പുറത്തേയ്ക്ക് തെറിക്കുന്ന ഉമിനീരിന്റെയും കഫത്തിന്റെയും കണങ്ങളിലൂടെ വൈറസ് പകരുമെന്ന കാര്യത്തില്‍ സംശയ വേണ്ട. രോഗിയുടെ മൂക്കില്‍ നിന്നും തൊണ്ടയില്‍നിന്നും ശേഖരിച്ച സ്രവത്തില്‍ വൈറസ് സാന്നിധ്യമുണ്ടായിരുന്നു. അതിനാല്‍ കണ്ണീരിലൂടെ ഇത് അസാധ്യമാണെന്ന് ഒപ്താല്‍മോളജി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.