കൊച്ചിയിൽ മൂന്ന് വയസുള്ള കുട്ടിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
കൊച്ചി:നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാര്‍ച്ച് 7 ന് ഇറ്റലിയില്‍ നിന്നെത്തിയ മൂന്ന് വയസുള്ള കുട്ടിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അച്ഛനും അമ്മയ്ക്കും ഒപ്പമാണ് കുട്ടി എത്തിയത്. 7 ന് പുലര്‍ച്ചെ 6.30ന് ദുബായ് കൊച്ചി വിമാനത്തിലാണ് കുട്ടി നെടുമ്പാശ്ശേരിയിലെത്തിയത്. വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള യൂണിവേഴ്‌സല്‍ സ്‌ക്രീനിംഗ് സംവിധാനത്തില്‍ സ്‌ക്രീനിംഗ് നടത്തിയപ്പോഴാണ് പനി ഉണ്ടെന്നറിഞ്ഞത്. ഉടന്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിക്കുകയായിരുന്നു. കുട്ടിയും അമ്മയും അച്ഛനുമാണ് ഐസൊലേഷനിലുള്ളത്. കുട്ടിയുടെ സാമ്പിള്‍ എന്‍.ഐ.യുവിലെ പരിശോധനയിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. അമ്മയുടെയും അച്ഛന്റെയും സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിരിക്കുകയാണ്.
വിമാനത്തിലെ സഹയാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ്. ഇത് വിവിധ ജില്ലകള്‍ക്കു കൈമാറും. കുട്ടിയുമായി സമ്പര്‍ക്കത്തിലായവര്‍ നീരീക്ഷണത്തിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
കോ വിഡ് 19 നുമായി ബന്ധപ്പെട്ട് എറണാകുളം മെഡിക്കല്‍ കോളേജില്‍ 12 പേരാണ് ഐസൊലേഷനിലുള്ളത്.
ജില്ലാ ഭരണ കൂടത്തിന്റെ നേതൃത്വത്തില്‍ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. സംശയ നിവാരണത്തിനായി ദിശ 0471 2552056, 1056, 04842368802 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.