തിരുവന്തപുരം: കൊറോണ വൈറസിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്ന കുട്ടികള്‍ നിര്‍മിച്ച വിഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. ധനമന്ത്രി തോമസ് ഐസക്ക് അടക്കം വിഡിയോ പങ്കുവച്ചിട്ടുണ്ട്. തട്ടത്തുമല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ നിരഞ്ജനും നീരജുമാണ് വിഡിയോയ്ക്ക് പിന്നില്‍.
പകര്‍ച്ച വ്യാധി തടയാന്‍ ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചതു പ്രകാരം കൈകഴുകുന്ന നീരജിന്റെ ദൃശ്യത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്.
‘വെള്ളത്തില്‍ കളിക്കരുത്’ എന്ന അമ്മയുടെ വാണിംഗിന് ‘ഇങ്ങനെ കളിച്ചില്ലെങ്കില്‍ പണി കിട്ടുമമ്മേ’ എന്നാണ് കുട്ടിയുടെ മറുപടി. ചുമയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഷേക്ക് ഹാന്‍ഡും ഹഗ്ഗിംഗും ഒഴിവാക്കണമെന്ന നിര്‍ദേശങ്ങളും പിന്നാലെ വരുന്നുണ്ട്. നിനക്കു ഞങ്ങളെ ഒരു ചുക്കും ചെയ്യാനാവില്ലെടാ കൊറോണാ വൈറസേ എന്ന പഞ്ച് ലൈനോടെയാണ് പുതിയ വീഡിയോ അവസാനിക്കുന്നത്.
അനിയനെ താരമാക്കി നിരഞ്ജനാണ് സ്ക്രിപ്റ്റും കാമറയും എഡിറ്റിംഗും സംവിധാനവുമൊക്കെ. നിരഞ്ജന്‍ എട്ടാം ക്ലാസിലും നീരജ് എല്‍കെജിയിലുമാണ് പഠിക്കുന്നത്. സ്‌കൂളിലെ സിനിമാപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് നിരഞ്ജന്‍.