പകർപ്പവകാശ ലംഘനം ; ധനുഷിന്റെ ഹർജിയിൽ എട്ട് ദിവസത്തിനകം നയൻതാര മറുപടി നൽകണമെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ : നടൻ ധനുഷ് നൽകിയ ഹർജിയിൽ നടി നയൻതാരയ്ക്കും സംവിധായകൻ വിഘ്‌നേഷ് ശിവനും നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി . നാനും റൗഡി താൻ എന്ന തമിഴ് സിനിമയിലെ ക്ലിപ്പിംഗുകൾ അനധികൃതമായി ഉപയോഗിച്ചതിന് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നടൻ ഹർജി നൽകിയിരുന്നത്. ധനുഷ് നൽകിയ ഹർജി അംഗീകരിച്ചുകൊണ്ട് ജസ്റ്റിസ് അബ്ദുൾ ഖുദ്ദോസ് ദമ്പതികളോടും OTT പ്ലാറ്റ്ഫോമായ നെറ്റ്ഫ്‌ലിക്‌സിനോടും 2025 ജനുവരി 8-നകം പ്രതികരണം അറിയിക്കാൻ നിർദ്ദേശിച്ചു.
ദൃശ്യങ്ങൾ ഉപയോഗിച്ചതിന് 10 കോടി രൂപ ആവശ്യപ്പെട്ട് ധനുഷ് നയൻതാരയ്ക്ക് വക്കീൽ നോട്ടീസ് നൽകിയിരുന്നു. പകർപ്പവകാശം ധനുഷിനാണ്. നയൻതാര പകർപ്പവകാശം ലംഘിച്ചെന്നാണ് ധനുഷ് കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നത്.
ധനുഷ് നിർമ്മിച്ച നാനും റൗഡി താൻ എന്ന ചിത്ത്രതിലെ ദൃശ്യങ്ങൾ നയൻതാരയുടെ ജീവിതത്തെ കുറിച്ചുള്ള നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിയിൽ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. ഈ സിനിമയുടെ ചില പിന്നണി ദൃശ്യങ്ങൾ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയതിനെതിരെ 10 കോടി നഷ്ടപരിഹാരമാവശ്യപ്പെട്ട് ധനുഷ് നയൻതാരയ്ക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിനെതിരെ വിമർശനവുമായി നയൻതാര രംഗത്തെത്തിയിരുന്നു, ധനുഷിന് തന്നോട് പകയാണെന്നായിരുന്നു നയൻതാര സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ വ്യക്തമാക്കിയത്. പിന്നീട് ഇരുവരും തമ്മിലുള്ള പോര് മുറുക്കുകയായിരുന്നു.