NationalNews

‘ബിജെപിയുടെ അഴിമതിയാല്‍ മലിനമായി’വിധാന്‍ സൗധയ്ക്ക് ചുറ്റും ഗോമൂത്രം തളിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ വന്‍ വിജയത്തിനും സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനും പിന്നാലെ വിധാന്‍ സൗധയുടെ പരിസരം ഗോമൂത്രം ഉപയോഗിച്ച് ‘ശുദ്ധീകരിച്ച്’ പാര്‍ട്ടി പ്രവര്‍ത്തകര്‍. ബിജെപിയുടെ അഴിമതി നിറഞ്ഞ ഭരണം അവസാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 

ഈ വര്‍ഷം ജനുവരിയില്‍ വിധാന്‍ സൗധ (അസംബ്ലി) ഗോമൂത്രം ഉപയോഗിച്ച് ‘ശുദ്ധീകരിക്കാന്‍’ സമയമായെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ പറഞ്ഞിരുന്നു. ‘വിധാന്‍ സൗധ വൃത്തിയാക്കാന്‍ ഡെറ്റോളുമായി ഞങ്ങള്‍ വരും. ശുദ്ധീകരിക്കാന്‍ എന്റെ കയ്യില്‍ കുറച്ച് ഗോമൂത്രം ഉണ്ട്…,’ ശിവകുമാര്‍ പറഞ്ഞു. ബിജെപി ഭരണകാലത്ത് നിയമസഭ അഴിമതിയാല്‍ മലിനമായെന്നും അദ്ദേഹം ആരോപിച്ചു. മെയ് 20 ന് ആണ് അദ്ദേഹം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 

മുഖ്യമന്ത്രിയായി സിദ്ധരാമയ്യ രണ്ടാം തവണയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. സിദ്ധരാമയ്യയെയും ഡികെ ശിവകുമാറിനെയും കൂടാതെ എട്ട് കോണ്‍ഗ്രസ് നേതാക്കളും ശനിയാഴ്ച ക്യാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. എന്നാല്‍ 24 മന്ത്രിമാരെ പാര്‍ട്ടി ഇതുവരെ തിരഞ്ഞെടുത്തിട്ടില്ല. എംഎല്‍എമാരുടെ വലിയ പിന്തുണയുടെ അടിസ്ഥാനത്തിലാണ് സിദ്ധരാമയ്യയുടെ മുഖ്യമന്ത്രിയായത്. 

കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ മന്ത്രിസഭാംഗങ്ങളുടെ സ്വത്ത് സംബന്ധിച്ച കണക്കുകളും ചര്‍ച്ചയാവുകയാണ്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ഉള്‍പ്പെടെ എട്ട് എംഎല്‍എമാരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ കാബിനറ്റ് മന്ത്രിമാരെല്ലാം കോടിപതികളാണെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 

അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍), കര്‍ണാടക ഇലക്ഷന്‍ വാച്ച് (കെഇഡബ്ല്യു) എന്നിവയുടെ റിപ്പോര്‍ട്ട് അനുസരിച്ച് എല്ലാ മന്ത്രിമാരും അവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തപ്പെട്ടിരുന്നതായി വെളിപ്പെടുത്തിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് തയ്യാറാക്കുന്ന സമയത്ത് സര്‍വഗണനഗര്‍ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയും മന്ത്രിയുമായ കെ ജെ ജോര്‍ജ്ജ് ഇസിഐ വെബ്‌സൈറ്റില്‍ സത്യവാങ്മൂലം നല്‍കിയിരുന്നില്ല. 

മന്ത്രിസഭയിലെ 9 അംഗങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസുകളും നാല് മന്ത്രിമാര്‍ക്കെതിരെ ഗുരുതരമായ ക്രിമിനല്‍ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതായത് ക്യാബിനറ്റ് മന്ത്രിമാരില്‍ 44% പേര്‍ക്കെതിരെ ഗുരുതരമായ ക്രിമിനല്‍ കേസുകളുണ്ട്. ഒമ്പത് മന്ത്രിമാരും കോടീശ്വരന്മാരാണ്.ഇവരുടെ ശരാശരി ആസ്തി 229.27 കോടി രൂപയിലധികമാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്കിനാണ് ഏറ്റവും കുറഞ്ഞ ആസ്തി.16.83 കോടി രൂപയാണ് പ്രിയങ്കിനുള്ളത്. അതേസമയം ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറാണ് ഏറ്റവും ധനികനായ എംഎല്‍എ. 1413.8 കോടി രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്.

അതേസമയം ഒമ്പത് മന്ത്രിമാരും തങ്ങളുടെ ബാധ്യത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 265.06 കോടിയുടെ ഏറ്റവും ഉയര്‍ന്ന കടബാധ്യതയും ശിവകുമാറിനാണ്. മുന്‍ ഉപമുഖ്യമന്ത്രി ഡോ.ജി.പരമേശ്വരയ്ക്കാണ് ഏറ്റവും കുറവ് ബാധ്യത. 9 കോടി രൂപയാണ് അദ്ദേഹത്തിന് ബാധ്യതയായുള്ളത്. കാര്‍ഷിക ഗവേഷണത്തില്‍ ഡോക്ടറേറ്റ് നേടിയ പരമേശ്വര പട്ടികയിലെ ഏറ്റവും വിദ്യാഭ്യാസമുള്ള മന്ത്രി കൂടിയാണ്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ മൈസൂര്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയതായി അറിയിച്ചു. പുതിയ മുഖ്യമന്ത്രി സിദ്ധരാമയ്യ മൈസൂരിലെ ശാരദാ വിലാസ് ലോ കോളേജില്‍ നിന്ന് നിയമം പഠിച്ചിട്ടുണ്ട്. 

ആറ് മന്ത്രിമാര്‍ക്ക് ബിരുദതലത്തിലും അതിനു മുകളിലുമുള്ള വിദ്യാഭ്യാസ യോഗ്യതയുണ്ട്. എട്ടാം ക്ലാസ് മുതല്‍ 12 വരെ പാസ്സായവരാണ് മൂന്ന് മന്ത്രിമാര്‍. മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും കെ എച്ച് മുനിയപ്പയ്ക്കും 75 വയസ്സുണ്ട്. നിലവിലെ മന്ത്രിസഭയിലെ ഏറ്റവും മുതിര്‍ന്നവരാണ് ഇരുവരും. 44കാരനായ പ്രിയങ്ക് ഖാര്‍ഗെയാണ് ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി. അദ്ദേഹവും മുഖ്യമന്ത്രിയും തമ്മില്‍ 30 വയസിന്റെ വ്യത്യാസമുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker