ധാത്രിക്കും നടൻ അനൂപ് മേനോനും പിഴ വിധിച്ച് ഉപഭോക്തൃ കോടതി
തൃശൂർ: തെറ്റായി പരസ്യം നൽകിയെന്ന ഹർജിയിൽ ധാത്രിയ്ക്കും പരസ്യത്തിൽ മോഡലായ ചലച്ചിത്ര താരം അനൂപ് മേനോനും ഉപഭോക്തൃ കമ്മീഷൻ പിഴയിട്ടു . പതിനായിരം രൂപയാണ് പിഴ.വൈലത്തൂർ സ്വദേശി ഫ്രാൻസിസ് വടക്കന്റെ ഹർജിയിലാണ് തൃശൂർ ഉപഭോക്തൃ കമ്മീഷന്റെ വിധി. ഉൽപ്പന്നം വിറ്റ എ വൺ മെഡിക്കൽസ് ഉടമ കോടതി ചെലവായി മൂവായിരം രൂപയും പിഴ അടക്കണം. പിഴത്തുകകൾ ഹർജിക്കാരന് നൽകാനാണ് കമ്മീഷൻ നിർദേശിച്ചിരിക്കുന്നത്.
ഇഷ്ടതാരത്തിന്റെ വാക്ക് വിശ്വസിച്ചാണ് മുടിവളരാനായി ഫ്രാൻസിസ് വടക്കൻ ഹെയർ ക്രീം വാങ്ങുന്നത് പതിവാക്കിയത്. എന്നാൽ ഹെയർ ക്രീം ഉപയോഗിച്ചിട്ടും മുടി വളർന്നില്ലെന്ന് മാത്രമല്ല ആളുകൾക്കിടയിൽ അപഹാസ്യനുമായി. തുടർന്നാണ് ഫ്രാൻസിസ് ക്രീം വാങ്ങിയ ബില്ലുകൾ സഹിതം തൃശൂർ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. ഉൽപ്പന്നത്തിന്റെ ഗുണനിലവാരം ബോധ്യമാകാതെ പരസ്യത്തിൽ അഭിനയിച്ച അനൂപ് മേനോനും പതിനായിരം രൂപ പിഴയടക്കണമെന്ന് കോടതി വ്യക്തമാക്കി. അഡ്വ എ ഡി ബെന്നിയാണ് പരാതിക്കാരന് വേണ്ടി കമ്മീഷനിൽ ഹാജരായത്.