KeralaNews

‘വീട്ടിൽ കയറി തല്ലും’എംകെ രാഘവൻ്റെ വീട്ടിലേക്ക് കോൺഗ്രസ് പ്രവർത്തകരുടെ മാർച്ച്; കോലം കത്തിച്ചു

കണ്ണൂർ : മാടായി കോളേജ് നിയമന വിവാദത്തിൽ എംകെ രാഘവൻ എംപിക്കെതിരെ ഇന്നും കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. വൈകിട്ട് കുഞ്ഞിമംഗലത്തെ വീട്ടിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. കോലം കത്തിച്ചു. പാർട്ടിയെ വിറ്റ് കാശുണ്ടാക്കുകയാണെന്നും വീട്ടിൽ കയറി തല്ലുമെന്നും രാഘവനെതിരെ കോൺഗ്രസ് പ്രവർത്തകർ രൂക്ഷ മുദ്രാവാക്യവും മുഴക്കി.

എംകെ രാഘവൻ  എം.പി ചെയർമാനായ മാടായി കോളേജിൽ അദ്ദേഹത്തിന്‍റെ ബന്ധുവായ സിപിഎം പ്രവർത്തകന് ജോലി നൽകിയതിൽ പുകയുന്ന പ്രതിഷേധമാണ് കൂടുതൽ കലുഷിതമാകുന്നത്. കോളേജിലെ അനധ്യാപക തസ്തികയിൽ കല്യാശ്ശേരിയിലെ യൂത്ത് കോൺഗ്രസ് നേതാക്കളെ പരിഗണിക്കാതിരുന്നതാണ് എതിർപ്പുകൾക്കും പ്രതിഷേധങ്ങൾക്കും കാരണം.

 എംപി ബന്ധുവായ സിപിഎം അനുഭാവിക്ക് ജോലി നൽകിയത് കൂടുതൽ പ്രകോപനമായി. ഇതിൽ പ്രതിഷേധിച്ച് രാഘവനെ തടഞ്ഞ പ്രാദേശിക നേതാക്കൾക്കെതിരെ കെപിസിസി പറഞ്ഞതനുസരിച്ച് ഡിസിസി നടപടിയെടുത്തിരുന്നു. ഇതോടെ പ്രശ്നം കൂടുതൽ കലുഷിതമായി. സമവായത്തിന് വഴങ്ങാതെ ഇന്നലെ കോളേജിൽ നിയമനം നൽകിയതോടെ രാഘവനൊപ്പമുളള, പാർട്ടി നേതാക്കളായ ഭരണസമിതി അംഗങ്ങൾക്കെതിരെ ഡിസിസി നേരിട്ട് നടപടിയെടുത്തു. 

രാഘവന്‍റെ നാട്ടിലെ കോൺഗ്രസ് കമ്മിറ്റി ഇന്നലെ ഒന്നടങ്കം രാജിവച്ചിരുന്നു. കൂടുതൽ കമ്മിറ്റികൾ രാജിനൽകിയേക്കും. പരസ്യപ്രതിഷേധം തുടരാനാണ് നടപടി നേരിട്ടവരുടെ തീരുമാനം. നിയമനത്തിൽ അഴിമതിയില്ലെന്നും തന്നെ മോശക്കാനാക്കാൻ ശ്രമമുണ്ടെന്നുമാണ് എംപിയുടെ ആരോപണം. കോളേജ് സർക്കാരിന് വിട്ടുകൊടുക്കുമെന്നും രാഘവൻ മുന്നറിയിപ്പ് നൽകുന്നു. നിയമന ഉത്തരവ് പുനപരിശോധിക്കാൻ ഇടയില്ലെന്നിരിക്കെ പ്രശ്നം തണുപ്പിക്കാൻ സംസ്ഥാന നേതാക്കൾ ഇടപെട്ടേക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker