ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരായ നടപടിക്കെതിരെ കൂട്ടസത്യഗ്രഹത്തിനൊരുങ്ങി കോണ്‍ഗ്രസ്. രാജ്ഘട്ടിന് മുന്നില്‍ ഞായറാഴ്ച രാവിലെ പത്ത് മുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ സത്യാഗ്രഹമിരിക്കുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ജനാധിപത്യത്തെ തകര്‍ക്കുന്ന ഫാസിസ്റ്റ് നടപടി ബി.ജെ.പിയെ തിരിഞ്ഞുകൊത്തുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വേണുഗോപാല്‍.
ആടിനെ പട്ടിയാക്കുന്ന നയമാണ് ബി.ജെ.പിയുടേതെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. നീരവ് മോദിയും ലളിത് മോദിയും നടത്തിയ അഴിമതി ചൂണ്ടിക്കാണിച്ചാല്‍ അത് സമുദായത്തിന്‍റെ പേരില്‍ ചാരാനുള്ള ശ്രമം ഇപ്രാവശ്യം വിലപ്പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജനാധിപത്യം തന്നെ അപകടത്തിലാകുന്ന സാഹചര്യമാണ് രാജ്യത്ത്. സംസ്ഥാനങ്ങളിലെ അഭിപ്രായവ്യത്യാസം മറന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കുന്നതില്‍ സന്തോഷമുണ്ട്. രാഷ്ട്രപതിയെ കാണാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അനുവാദം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപകീര്‍ത്തി പ്രസംഗത്തിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്തുനിന്ന് വെള്ളിയാഴ്ച അയോഗ്യനാക്കിയിരുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെ ചോദ്യം ചെയ്തുകൊണ്ടേയിരിക്കുമെന്ന് രാഹുൽ വ്യക്തമാക്കി. രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്ന് താന്‍ മുമ്പ് പലതവണ പറഞ്ഞിട്ടുണ്ട്. അതിന്റെ ഉദാഹരണങ്ങള്‍ നാം ഓരോ ദിവസവും കണ്ടു കൊണ്ടിരിക്കുന്നു. പ്രധാനമന്ത്രി മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് താന്‍ പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിച്ചുവെന്നും രാഹുല്‍ പറഞ്ഞു.
‘പാര്‍ലമെന്റില്‍ നടത്തിയ എന്റെ പ്രസംഗം ഒഴിവാക്കി, പിന്നീട് ലോക്സഭാ സ്പീക്കര്‍ക്ക് താന്‍ വിശദമായ മറുപടി എഴുതി. ചില മന്ത്രിമാര്‍ എന്നെക്കുറിച്ച് നുണ പറഞ്ഞു, ഞാന്‍ വിദേശ ശക്തികളുടെ സഹായം തേടിയെന്നാണ് അവര്‍ പറയുന്നത്. അങ്ങനെയൊന്നും ഞാന്‍ ചെയ്തില്ല. അതുകൊണ്ടൊന്നും ഞാന്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് നിര്‍ത്തില്ല, പ്രധാനമന്ത്രി മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെ ഞാന്‍ ചോദ്യം ചെയ്തുകൊണ്ടേയിരിക്കും’ രാഹുല്‍ പറഞ്ഞു.