KeralaNews

കോണ്‍ഗ്രസ് തമ്മിലടി തുടർന്നാൽ മൂന്നാം പിണറായി സര്‍ക്കാരുണ്ടാകുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ

കോട്ടയം: കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരെ വിമർശനവുമായി മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പല ചേരിയായി കോണ്‍ഗ്രസ് നിന്നാല്‍ മൂന്നാം പിണറായി സര്‍ക്കാരുണ്ടാകുമെന്ന് പാര്‍ട്ടി അച്ചടക്ക സമിതി അധ്യക്ഷന്‍ കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു. ഐക്യത്തിനായി ത്യാഗം സഹിക്കാന്‍ എല്ലാവരും തയാറാകണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു. 

ഒരു ഉപതെരഞ്ഞെടുപ്പ് നേരിടാൻ പോവുകയാണ്. കോൺ​ഗ്രസിന്റെ സംയുക്ത മുഖം കാണണമെന്ന് ആ​ഗ്രഹിക്കുന്നവരാണ് സംസ്ഥാനത്തുള്ള മഹാഭൂരിപക്ഷം ആളുകളും. ചിലർ അവരുടെ അഭിപ്രായങ്ങളും കോൺ​ഗ്രസ് കോൺ​ഗ്രസിന്റെ അഭിപ്രായങ്ങളും പറയാറുണ്ട്. കോൺ​ഗ്രസ് അതിന്റെ പഴയ കാലത്തേക്ക് പോകണം.

പഴയ കാലം എന്ന് പറയുന്നത് കോൺ​ഗ്രസ് എല്ലാവരും ഒരുമിച്ച് നിന്നിരുന്ന കാലം. സാധാരണക്കാരനായ പാർട്ടി പ്രവർത്തകന്റെ ചോദ്യം ഒരുമിച്ച് പോയിക്കൂടെ എന്നാണ്. ഇനിയെങ്കിലും ഒരുമിച്ച് നിന്നൂടെ എന്നാണെന്നും തിരുവഞ്ചൂർ പറഞ്ഞു.

കോൺ​ഗ്രസ് ദീർഘമായി പ്രതിപക്ഷത്ത് നിൽക്കുകയാണ്. നമ്മുടെ തലയിൽ കയറി മെതിക്കുന്ന രൂപത്തിലേക്ക് മാർക്സിസ്റ്റ് പാർട്ടി വിശ്വരൂപം നടത്തുകയാണ്. അക്രമ സ്വഭാവം കാട്ടിക്കൂട്ടുകയാണ്. കേരളത്തിൽ നമ്മളെ വിശ്വസിച്ച് നിൽക്കുന്നവരുണ്ട്.

അവർ അറബിക്കടലിൽ മുങ്ങിത്താഴണോ, അത് അനുവദിക്കണോ, നമ്മളെയാണ് അവർ പ്രതീക്ഷിക്കുന്നത്. ഒന്നാം പിണറായി സ‍ർക്കാർ വന്നു. രണ്ടാം പിണറായി സർക്കാരിലേക്കത് പടർന്നു. ഇനി മൂന്നാം പിണറായി സർക്കാരിലേക്ക് പോകാൻ പറ്റുമോ. ജനങ്ങൾ ആ​ഗ്രഹിക്കുന്നുണ്ടോ. ജനങ്ങൾ ഭരണമാറ്റം തന്നെയാണ് ആ​ഗ്രഹിക്കുന്നത്. പക്ഷേ ഈ പ്ലാറ്റ്ഫോം അതിലേക്ക് പറ്റുന്ന രീതിയിൽ മാറ്റിയെടുക്കുക എന്നുള്ളത് കടമയാണ്.

ആ കടമ നിറവേറ്റാൻ അങ്ങോട്ടും ഇങ്ങോട്ടും ത്യാ​ഗം സഹിക്കണം. ആ ത്യാ​ഗം സഹിക്കണമെന്നാണ് പറയാനുള്ളത്. അല്ലെങ്കിൽ ചെറിയ ​ഗ്രൂപ്പുകളായി ദുർബലമായി പോവും. അതല്ല ജനങ്ങൾ ആ​ഗ്രഹിക്കുന്നത്. എല്ലാവരും തുല്യരാണ്. സഹോദരൻമാർ. അല്ലാതെ വ്യത്യസ്ഥമായ സമീപനമുണ്ടാവരുത്. ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ കേരളം ഒന്നാകെ കരഞ്ഞു.

ഈ സാഹചര്യത്തിൽ നമ്മൾ ഒറ്റക്കെട്ടായി നിൽക്കണമെന്നാണ് പറയുന്നത്. അതിന് എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നുള്ള നിലപാടെടുക്കണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker