പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തെന്ന് പരാതിയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനില്‍ മരിച്ച നിലയില്‍
ലക്‌നൗ: പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് വിവാഹം ചെയ്യിപ്പിച്ചെന്ന പരാതിയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനില്‍ മരിച്ച നിലയില്‍. ഉത്തര്‍പ്രദേശിലെ ഇറ്റാ ജില്ലയില്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ചോദ്യം ചെയ്യുന്നതിനായാണ് ചൊവ്വാഴ്ച രാവിലെ അല്‍ത്താഫ് എന്ന് യുവാവിനെ സ്റ്റേഷനിലെത്തിച്ചത്. എന്നാല്‍ അല്‍പ്പസമയത്തിനകം യുവാവ് സ്റ്റേഷനില്‍ വെച്ച് മരണപ്പെടുകയായിരുന്നു.
യുവാവ് ശുചിമുറിയില്‍ പോകണമെന്ന് ആവശ്യപ്പെട്ടതു പ്രകാരം അതിന് അനുവദിച്ചെന്നും കുറച്ച് സമയം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ യുവാവിനെ ശുചിമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നുമാണ് പോലീസിന്റെ വാദം.
കഴുത്തില്‍ ജാക്കറ്റിന്റെ ചരട് കുരുക്കിയിരുന്നെന്നും അബോധവസ്ഥയിലായ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അല്പസമയത്തിനുള്ളില്‍ മരണം സംഭവിച്ചെന്നും പോലീസ് പറയുന്നു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പോലീസിനെതിരെ ആരോപണവുമായി യുവാവിന്റെ ബന്ധുക്കള്‍ രംഗത്തെത്തി. സംഭവത്തിന് പിന്നാലെ സ്റ്റേഷനിലുണ്ടായിരുന്ന അഞ്ച് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.