KeralaNationalNews

സൈനിക യൂണിഫോം ദുരുപയോഗം ചെയ്‌തു’; മേജർ രവിക്കെതിരെ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി

കൽപ്പറ്റ: നടനും ടെറിട്ടോറിയൽ ആർമി ലഫ്. കേണലുമായ മോഹൻലാലിനൊപ്പം മേജർ രവി കഴിഞ്ഞദിവസം വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലയിലെത്തിയിരുന്നു. സൈനിക യൂണിഫോമിലാണ് ഇരുവരും എത്തിയത്. ഇപ്പോഴിതാ സംവിധായകനും മുൻ സൈനിക ഉദ്യോഗസ്ഥനുമായ മേജർ രവിക്കെതിരെ പരാതി ഉയരുകയാണ്. സൈനിക യൂണിഫോമിൽ ദുരന്തബാധിത പ്രദേശം സന്ദർശിച്ചതിനെതിരെയാണ് പരാതി.

സൈനികച്ചട്ടങ്ങൾക്ക് വിരുദ്ധമായാണ് മേജർ രവി യൂണിഫോമിലെത്തിയതെന്നാണ് പരാതി. വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ ആർ എ അരുൺ എന്നയാളാണ് പരാതി നൽകിയത്. ഡിഫൻസ് സർവീസ് റെഗുലേഷൻ പ്രകാരം സൈന്യത്തിൽ നിന്ന് വിരമിച്ചയാൾ സൈനിക യൂണിഫോം ഉപയോഗിക്കുന്നത് ചട്ടലംഘനമാണെന്ന് പരാതിയിൽ പറയുന്നു.

വയനാട്ടിൽ യൂണിഫോമിൽ സന്ദർശനം നടത്തിയ മേജർ രവി സൈനിക യൂണിഫോം ദുരുപയോഗം ചെയ്തു. മേജർ രവിയുടെ നടപടി പൊതുജനത്തിനും രക്ഷാദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കും തെറ്റിദ്ധാരണയുണ്ടാക്കും. മാത്രമല്ല, സുരക്ഷാ പ്രശ്‌നവും ഉയർത്തും. സൈനിക യൂണിഫോം ദുരുപയോഗം ചെയ്യാൻ പ്രേരിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രവൃത്തി. ദേശസുരക്ഷയ്ക്കും ഇത് ഭീഷണിയാണ്. മേജർ രവിക്കെതിരെ നടപടിയെടുത്ത് ഇന്ത്യൻ മിലിട്ടറി യൂണിഫോമിന്റെ അന്തസ് കാത്ത് സൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കണം.

ദുരന്തമുഖത്ത് സൈന്യം നടത്തുന്ന സേവനത്തിൽ അഭിമാനമുണ്ട്. എന്നാൽ സൈനിക യൂണിഫോമിൽ ഫോട്ടോയെടുത്ത് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചതുൾപ്പെടെ മേജർ രവിയുടെ പ്രവൃത്തിയെ ശക്തമായി അപലപിക്കുന്നു. ഇക്കാര്യത്തിൽ ഉചിതമായ അന്വേഷണം നടത്തി മേജർ രവിക്കെതിരെ നടപടിയെടുക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, കേരള മുഖ്യമന്ത്രി, ഡിജിപി, വയനാട് എസ് പി എന്നിവർക്കാണ് പരാതി നൽകിയിരിക്കുന്നത്. ദുരന്തമുഖത്ത് നിന്ന് മേജർ രവി സെൽഫിയെടുത്തതിനെതിരായും നേരത്തെ വിമർശനം ഉയർന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker