
കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെ.എസ്.ആര്‍.ടി.സി.) ബസുകളില്‍ പുരുഷന്മാര്‍ക്കുള്ള സീറ്റ് സംവരണം ഉറപ്പാക്കാന്‍ നിര്‍ദേശം. സ്ത്രീകള്‍ക്ക് സൗജന്യയാത്ര വാഗ്ദാനം ചെയ്യുന്ന ‘ശക്തി’ പദ്ധതി നടപ്പാക്കിയതിനുശേഷം ബസുകളില്‍ സ്ത്രീയാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. അതിനാല്‍ മിക്കപ്പോഴും ബസുകളില്‍ നിന്നുകൊണ്ട് യാത്ര ചെയ്തതിനെതിരേ മൈസൂരു നിവാസിയായ വിഷ്ണുവര്‍ധനാണ് അധികൃതര്‍ക്ക് പരാതിനല്‍കിയത്.
തുടര്‍ന്ന് കെ.എസ്.ആര്‍.ടിസി. മൈസൂരു സിറ്റി ഡിവിഷണല്‍ കണ്‍ട്രോളര്‍ എച്ച്.ടി. വീരേഷ് അവര്‍ക്ക് അര്‍ഹമായ സീറ്റുകളില്‍ പുരുഷന്മാര്‍ ഇരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ബസ് ജീവനക്കാരോട് നിര്‍ദേശിച്ചിട്ടുണ്ട്.
‘ശക്തി’പദ്ധതി നടപ്പിലാക്കിയതിനുശേഷം 50 ശതമാനം സീറ്റുകള്‍ പുരുഷന്മാര്‍ക്ക് സംവരണം ചെയ്യണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ടെങ്കിലും ഇത് സ്ഥിരമായി നടപ്പിലായിരുന്നില്ല. ഇനിമുതല്‍ കൃത്യമായി ഈ നിര്‍ദേശം പാലിക്കണമെന്നാണ് വീരേഷിന്റെ ഉത്തരവ്. പ്രശ്‌നംപരിഹരിക്കാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാനും ജീവനക്കാരോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഇനി മുതല്‍ മുന്‍വശത്തെ രണ്ടുഭാഗത്തുമുള്ള പകുതിസീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണംചെയ്യും. പിന്‍സീറ്റുകള്‍ പുരുഷന്മാര്‍ക്ക് മാത്രമായിരിക്കും.