KeralaNews

പരാതിയുള്ള നടിമാര്‍ക്ക് സ്വകാര്യ ഭാഗങ്ങളുടെ ഫോട്ടോ അയച്ച് ഭീഷണി; പരാതി കൊടുത്താല്‍ സൈബറാക്രമണം

കൊച്ചി: അനുഭവിക്കുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പരാതി പറയുന്ന നടിമാരെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമാണുള്ളതെന്ന് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ മൊഴി. പരാതി പറഞ്ഞ നടിമാര്‍ക്ക് സ്വകാര്യ ഭാഗങ്ങളുടെ ഫോട്ടോ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തുന്ന നടന്മാരുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസിനെയോ മറ്റ് പരാതിയുമായി സമീപിച്ചാലുണ്ടാകുന്ന പരിണിത ഫലം ഭീകരമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

നടിമാരുടെയും കുടുംബാംഗങ്ങളുടെയും ജീവന് വരെ ഭീഷണി നേരിടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ കടന്നെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. പരാതി കൊടുത്ത ഒരു നടി വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നേരിട്ടിട്ടുണ്ട്. സ്വകാര്യ ഭാഗങ്ങളുടെ ഫോട്ടോ വരെ അയച്ചുകൊടുത്ത് അവരെ തളര്‍ത്തുന്ന നടന്മാര്‍ വരെ മലയാള സിനിമയിലുണ്ടെന്ന മൊഴിയും പുറത്തുവന്നിട്ടുണ്ട്.

അടിസ്ഥാനമായ മനുഷ്യാവകാശങ്ങള്‍ പോലും സ്ത്രീകള്‍ക്ക് മലയാള സിനിമയില്‍ ലഭിക്കുന്നില്ല എന്ന വ്യക്തമാക്കുന്ന പരാമര്‍ശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. വസ്ത്രം മാറാനുള്ള മുറിയില്ല. പ്രാഥമിക ആവശ്യം പോലും നിറവേറ്റാനുള്ള സൗകര്യം പോലും സിനിമ സെറ്റുകളില്‍ ഉണ്ടാകാറില്ലെന്ന വിമര്‍ശനം കൂടി ഉയരുന്നുണ്ട്. മലയാള സിനിമയിലെ താരരാജാക്കന്മാര്‍ക്ക് ലഭിക്കുന്ന സുഖ സൗകര്യങ്ങളൊന്നും ഒറ്റൊരു നടിക്ക് പോലും ലഭ്യമാകുന്നില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

അതേസമയം സിനിമ മേഖല പലപ്പോഴും രാത്രികളില്‍ പുരുഷന്മാര്‍ ഇരുന്ന് ചര്‍ച്ച ചെയ്യുന്ന പ്രത്യേകതരത്തിലുള്ള ബോയ്സ് ക്ലബ് പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സിനിമയിലെ അഭിനയത്തിലായാലും സാങ്കേതിക ജോലിയിലായായും പ്രധാന സ്ഥാനങ്ങളില്‍ അല്ലാത്തവര്‍ക്ക് മദ്യപാനികള്‍ കൂടുതല്‍ ഉള്ള സുരക്ഷിതമല്ലാത്ത ലോഡ്ജുകളില്‍ താമസസൗകര്യം നല്‍കാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡ്രൈവര്‍മാരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കാതെയാണ് പലപ്പോഴും സ്ത്രീകള്‍ അടക്കമുള്ളവര്‍ക്ക് യാത്ര ഏര്‍പ്പെടുത്താറുള്ളതെന്നും പ്രധാന അഭിനേത്രികള്‍ക്കും അല്ലാത്തവര്‍ക്കും ഈ അനുഭവം ഉണ്ടാകാറുണ്ട്. രാത്രികളില്‍ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന് ഹോട്ടലുകളിലേക്കും തിരികെയും ഇത്തരത്തില്‍ കൊണ്ടുപോകാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സിനിമകളുടെ സ്‌ക്രിപ്റ്റിനെക്കുറിച്ചോ അല്ലെങ്കില്‍ ഭാവി പ്രോജക്ടുകളെക്കുറിച്ചോ ചര്‍ച്ച ചെയ്യുന്ന പുരുഷന്മാര്‍ രാത്രിയില്‍ ദീര്‍ഘനേരം ഇരുന്ന് ചാറ്റ് ചെയ്യുന്ന ഒരു പ്രത്യേക ബോയ്‌സ് ക്ലബ്ബാണിത്.

മിക്ക കേസുകളിലും ചര്‍ച്ച നടക്കുന്നത് മദ്യത്തെക്കുറിച്ചാണ്. അവര്‍ മദ്യപിച്ചാല്‍ സംഭാഷണം കൈവിട്ട് പോകുമെന്നും മദ്യപിച്ചതിനു ശേഷമുള്ള സംഭാഷണം എപ്പോഴും സിനിമയില്‍ മാത്രം കേന്ദ്രീകരിക്കപ്പെടുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇത്തരം സംഭാഷണങ്ങള്‍ പിന്നീട് ലൈംഗികതയുമായി ബന്ധപ്പെട്ട അസഭ്യമായ തമാശകളിലേക്കും നിങ്ങുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു നടിയുടെ അനുഭവവും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മോശമായ അനുഭവം ഉണ്ടായതിന്റെ പിറ്റേദിവസം ഉപദ്രവിച്ചയാളുടെ ഭാര്യയായി അഭിനയിക്കേണ്ടി വന്ന സാഹചര്യമുണ്ടായെന്നാണ് നടിയുടെ ഞെട്ടിക്കുന്ന മൊഴി. തലേദിവസത്തെ മോശം അനുഭവം മാനസികമായി തളര്‍ത്തിയതിനാല്‍ ഒരു ഷോട്ടെടുക്കാന്‍ 17 റീ ടേക്കുകള്‍ എടുക്കേണ്ടി വന്നു. അപ്പോള്‍ സംവിധായകന്റെ കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നുവെന്നും നടി പറയുന്നു. കരാറിലില്ലാത്ത തരത്തില്‍ ശരീര പ്രദര്‍ശനവും ലിപ്ലോക്ക് സീനുകളും ചെയ്യേണ്ടി വന്നുവെന്നും മറ്റൊരു നടി കമീഷന് മൊഴി നല്‍കി.

മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ചുണ്ടെന്ന വിവരമാണ് റിപ്പോര്‍ട്ടില്‍ പ്രധാനം. സിനിമ മേഖലയില്‍ വ്യാപക ലൈംഗിക ചൂഷണമാണ് നടക്കുന്നത്. അവസരം കിട്ടാന്‍ വിട്ടുവീഴ്ച ചെയ്യണം. വഴങ്ങാത്തവര്‍ക്ക് അവസരങ്ങള്‍ ലഭിക്കില്ല. ചൂഷണം ചെയ്യുന്നവരില്‍ പ്രമുഖ നടന്മാരുമുണ്ട്. വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ സംവിധായകരും നിര്‍മാതാക്കളും നിര്‍ബന്ധിക്കുന്നു. സഹകരിക്കുന്നവര്‍ക്ക് പ്രത്യേക കോഡുണ്ട്. വിട്ടുവീഴ്ച ചെയ്യുന്നവരെ കോപറേറ്റിങ് ആര്‍ട്ടിസ്റ്റുകള്‍ എന്ന് വിളിക്കുന്നു. പരാതി പറയുന്നവരെ പ്രശ്‌നക്കാരായി കാണുന്നു. ചുംബനരംഗങ്ങളില്‍ അഭിനയിക്കാന്‍ സമ്മര്‍ദമുണ്ടാകുന്നു.

സിനിമ നിയന്ത്രിക്കുന്നത് മാഫിയ സംഘങ്ങളാണ്. നിര്‍മാതാക്കളും സംവിധായകരുമെല്ലാം അടങ്ങുന്ന 15 അംഗ പവര്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ നിയന്ത്രണത്തിലാണ് മലയാള സിനിമ ലോകം. വിലക്ക് തീരുമാനിക്കുന്നത് ഈ സംഘമാണ്. സിനിമ രംഗത്തുള്ളത് പുറത്തേക്കുള്ള തിളക്കം മാത്രമാണ്. സിനിമയില്‍ കടുത്ത ആണ്‍കോയ്മ നിലനില്‍ക്കുന്നു. അവരെ രണ്ടാംതരക്കാരായി പരിഗണിക്കുന്നു. സ്ത്രീകള്‍ വ്യാപക അരക്ഷിതാവസ്ഥ നേരിടുന്നു. പലപ്പോഴും ശുചിമുറി പോലും നിഷേധിക്കുന്നു. തുണികളുടെ മറവില്‍ വസ്ത്രം മാറേണ്ടിവരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker