കൊച്ചി: ചിലവന്നൂരിലെ ഹീര വാട്ടേഴ്‌സ് ഫ്‌ളാറ്റിലെ 18ാം നിലയിലെ ചൂതാട്ട കേന്ദ്രത്തിലെ സ്ഥിരം സന്ദര്‍ശകരില്‍ ഏറെയും എറണാകുളത്തുകാര്‍. ജില്ലയ്ക്കു പുറത്തുള്ളവരും ഇവിടെ ചൂതാട്ടത്തിനായി എത്താറുണ്ട്. ഇവിടത്തെ സ്ഥിരം സന്ദര്‍ശകരായവരെ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പോലീസ്. ഫ്ളാറ്റിലെ സന്ദര്‍ശക രജിസ്റ്ററിലുള്ളവരുടെ പേരും ഫോണ്‍ നമ്പറും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
സമ്പന്നരാണ് സന്ദര്‍ശകരില്‍ ഏറെയുമെന്നാണ് പോലീസ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ സ്ഥിരം സന്ദര്‍ശകരുടെ മൊഴി രേഖപ്പെടുത്തും. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചനുമായി ചൂതാട്ടവുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റിലായ ടിപ്സന് ബന്ധമില്ലെന്നു എറണാകുളം സൗത്ത് പോലീസ് പറഞ്ഞു.
മുന്‍ മിസ് കേരളയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസും നര്‍ക്കോട്ടിക് സെല്ലും സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടയിലാണ് അവിചാരിതമായി ലക്ഷങ്ങളുടെ ചൂതാട്ടം നടത്തിവന്ന യുവാവും പിടിയിലായത്. 2020 സെപ്റ്റംബര്‍ ഏഴിലെ നാലു വീഡിയോകള്‍ ചിലവന്നൂരിലെ ഹീര വാട്ടേഴ്സില്‍ സലാഹുദീന്‍ വാടകയ്ക്കെടുത്ത ഫ്ളാറ്റില്‍ അമല്‍ പപ്പടവട, നസ്ലീന്‍, സലാഹുദീന്‍ മൊയ്തീന്‍, ശീനു മിന്നു (വെള്ളസാരിയുടുത്തത്) എന്നിവര്‍ പങ്കെടുത്ത പാര്‍ട്ടിയിലെ വീഡിയോകളാണ്.
2020 സെപ്റ്റംബര്‍ ആറിലെ വീഡിയോ ചിലവന്നൂര്‍ ഹീരാ വാട്ടേഴ്സില്‍ സലാഹുദീന്‍ വാടകയ്ക്കെടുത്ത ഫ്ളാറ്റില്‍ അനു ഗോമസിനെ കമിഴ്ത്തിക്കിടത്തി ശരീരത്തിന്റെ നടുവില്‍ എംഡിഎംഎ അഞ്ച് പാര്‍ട്ടീഷനായി സെറ്റ് ചെയ്തതിനു ശേഷം കൂട്ടത്തിലുള്ള നസ്ലിന്റെയോ സലാഹുദീന്റെയോ ഫ്രണ്ടായ ആയ ഒരാള്‍ കറന്‍സി നോട്ട് ചുരുട്ടി മൂക്കിലൂടെ വലിച്ചെടുക്കുന്ന വീഡിയോയാണ്’- ഇതായിരുന്നു സൈജുവിന്റെ മൊഴി.
ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഫ്ളാറ്റില്‍ പരിശോധനയ്ക്ക് എത്തിയത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായ് ജില്ലയിലെ വിവിധ ഫ്ളാറ്റുകളില്‍ പോലീസ് പരിശോധന നടക്കുന്നുണ്ടായിരുന്നു. സൈജുവിന്റെ മൊഴി പ്രകാരം ചെലവന്നൂരിലെ ഫ്‌ളാറ്റിന്റെ നോര്‍ത്ത് ബ്ലോക്കിലാണ് ഡിജെ പാര്‍ട്ടി നടത്തിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവിടെയെത്തിയ പോലീസ് സംഘം ആദ്യം കയറി ചെന്നത് സൗത്ത് ബ്ലോക്കില്‍. മുറി വടക്കന്‍ പറവൂര്‍ എളന്തിക്കര സ്വദേശി ടിപ്‌സണ്‍ ഫ്രാന്‍സി(33)ന്റേതാണെന്നു പോലീസ് കണ്ടെത്തി.
ഇതേത്തുടര്‍ന്ന് ഇയാളെ വിളിച്ചുവരുത്തി. ഇതേ ഫ്‌ളാറ്റില്‍ മറ്റൊരു അപ്പാര്‍ട്ട്‌മെന്റില്‍ തന്നെയായിരുന്നു ഇയാളുടെ താമസം. തുടര്‍ന്ന് ഇയാളുടെ സാന്നിധ്യത്തില്‍ മുറി തുറന്നതോടെയാണ് ചൂതാട്ടകേന്ദ്രം കണ്ടെത്തിയത്. ടിപ്‌സണും സുഹൃത്തുക്കളും ചേര്‍ന്നു കൊച്ചിയില്‍ ഇവന്റ് മാനേജ്‌മെന്റ് നടത്തി വരികയാണ്. ഇതിന്റെ മറവിലാണ് ചൂതാട്ട കേന്ദ്രം നടത്തിയിരുന്നതെന്നാണ് പോലീസ് കരുതുന്നത്. ഫ്ളാറ്റിന്റെ പതിനെട്ടാം നിലയില്‍ വാടകയ്ക്കെടുത്ത അപ്പാര്‍ട്ടുമെന്റിലാണ് ചൂതാട്ട കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. പൂര്‍ണമായും ശീതീകരിച്ച ഫ്ളാറ്റിന് 60,000 രൂപയായിരുന്നു വാടക. ടിപ്സന്റെ ബാങ്ക് അക്കൗണ്ടുകളും പോലീസ് പരിശോധിക്കും.
പോക്കര്‍ റൂം എന്ന ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ള മുറിയിലാണ് ചൂതാട്ടം നടന്നിരുന്നത്. ഇതു കാര്‍ഡ് ഉപയോഗിച്ചുള്ള ചൂതാട്ടമാണ്. പണത്തിനു പകരം പ്രത്യേക പ്ലാസ്റ്റിക് കോയിനുകള്‍ ഉപയോഗിച്ചായിരുന്നു ചീട്ടുകളി. 7,000 രൂപ, 10,000 രൂപ, 20,000 രൂപ എന്നിങ്ങനെ കോയിനുകള്‍ നല്‍കും. കളിക്കു ശേഷം ഈ കോയിനുകള്‍ പണമാക്കി മാറ്റാം. പണം അക്കൗണ്ടുകള്‍ വഴിയാണ് കൈമാറിയിരുന്നത്. കഞ്ചാവ് അടക്കമുള്ള ലഹരി പദാര്‍ഥങ്ങള്‍ ഇവിടെ എത്തിയവര്‍ ഉപയോഗിച്ചെന്നുള്ള വിവരമുണ്ട്.