കൊച്ചി: കാക്കനാട്ടെ ഫ്ലാറ്റില്‍നിന്നു 11 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ആരോപണം. ഒരു കിലോയിലേറെ എംഡിഎംഎ പിടികൂടിയിട്ടും പ്രതികള്‍ക്കെതിരെ എക്സൈസ് എടുത്തത് 84 ഗ്രാം മയക്കുമരുന്ന് കൈവശം വച്ച കേസ് മാത്രം.
ഉടമസ്ഥനില്ലാത്ത ബാഗില്‍ നിന്നാണ് ഒരു കിലോ എംഡിഎംഎ കണ്ടെത്തിയതെന്നും പ്രതികളെ കണ്ടെത്താനായിട്ടില്ലെന്നുമാണ് എക്സൈസിന്റെ രണ്ടാം എഫ്ഐആര്‍. ആദ്യ എഫ്ഐആര്‍ യുവതി അടക്കം അഞ്ച് പ്രതികളെ 84 ഗ്രാം എംഡിഎംഎ കൈവശം വച്ചതിനാണ് അറസ്റ്റ് എന്ന് കാണിച്ചിട്ടുണ്ട്. മഹസറിലും കാര്യങ്ങള്‍ വിശദീകരിച്ചു. ഇതേ കേസിലെ രണ്ടാം എഫ്ഐആറിൽ പ്രതികളില്ല.
പിടികൂടിയ 1.85 കിലോ ഗ്രാം എംഡിഎംഎ ഒരു വഴിപോക്കന് നല്കിയ വിവരമനുസരിച്ചാണ് പ്രതികള്‍ താമസിച്ചിരുന്ന ഫ്ലാറ്റില്‍നിന്ന് കണ്ടെത്തിയെന്ന് മഹസറില്‍ രേഖപ്പെടുത്തി. ഉടമസ്ഥനില്ലാത്ത ബാഗാണ് കണ്ടെടുത്തെന്നും ഇത് പ്രതികളുടേതായിരിക്കാമെന്ന് ഉറപ്പില്ലെന്നാണ് സാക്ഷിമൊഴിയെന്നും മഹസറില്‍ രേഖപ്പെടുത്തി. ബാഗ് കണ്ടെടുത്തതില്‍ പ്രതികളില്ലാതെ പ്രത്യേകം കേസെടുത്തു. കേസുകള്‍ രണ്ടായി വിഭജിച്ചതും പ്രതികളില്ലാത്ത എഫ്ഐആറും കേസ് അട്ടിമറിക്കാന്‍ സഹായകമാകുമെന്നാണ് നിലവിവല്‍ ഉയരുന്ന ആരോപണം.
ഇതിനിടെ യുവതികള്‍ ലഹരി മരുന്ന് ഒളിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തായി. രണ്ട് യുവതികള്‍ ചേര്‍ന്ന് ഫ്ലാറ്റില്‍ ഒരു കിലോയോളം വരുന്ന ലഹരി മരുന്ന് ഒളിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായിട്ടുള്ളത്. കാക്കനാട്ടെ ഫ്ലാറ്റില്‍ നിന്ന് കഴിഞ്ഞ 19ന് പുലര്‍ച്ചെയാണ് മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവതിയടക്കം ഏഴ് പേര് പിടിയിലായത്. ഇവരില്‍നിന്ന് 84 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
പ്രതികളെ ചോദ്യം ചെയ്തതില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ താമസിച്ചിരുന്ന ഫ്ളാറ്റില്‍ അലക്കാനിട്ട തുണികള്‍ക്കിടയില്‍ ഒളിപ്പിച്ച ഒരു ബാഗില്‍നിന്ന് ഒരുകിലോയിലധികം എംഡിഎംഎകൂടി പിടിച്ചു. ബാഗില്‍ പ്രതികളുടെ രേഖകള്‍ അടക്കമുണ്ടായിരുന്നു.
എന്നാല്‍ കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐആറിലും മഹസറിലും വിചിത്രമായ കണ്ടെത്തലുകളാണ് പിന്നീട് നടന്നത്. മാത്രമല്ല സംഘത്തിലെ ഒരു യുവതിയെ ചോദ്യം ചെയ്യാതെ വിട്ടയതും വിവാദമായിരിക്കുകയാണ്. നിലവില്‍ അഞ്ച് പ്രതികളണ് കേസില്‍ അറസ്റ്റിലായിട്ടുള്ളത്.
പിടികൂടിയ ഏഴ് പേരില്‍ ഒരു യുവാവിനെയും യുവതിയെയും കേസില്‍ പങ്കില്ലെന്ന് കാണിച്ച് എക്സൈസ് വെറുതേവിട്ടിരുന്നു. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ഏഴ് പ്രതികളെന്നും എക്സൈസ് ഇറക്കിയ കുറിപ്പില്‍ അഞ്ച് പേരെന്നുമാണ് രേഖപ്പെടുത്തിയിരുന്നത്. ഇതും വിവാദമായിരിക്കുകയാണ്.
എഫ്ഐആര്‍ തയാറാക്കി പ്രതികളെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഒരു കിലോകൂടി മയക്കുമരുന്ന് കണ്ടെത്താനായത്. അതിനാലാണ് രണ്ടാം എഫ്ഐആര്‍ തയാറാക്കിയതെന്നാണ് എക്സൈസിന്റെ ഇപ്പോഴത്തെ വിശദീകരണം. സംഭവം വിവാദമായതിനേത്തുടർന്ന് കേസ് എക്സൈസ് ക്രൈം ബ്രാഞ്ചിനു കൈമാറി. സംഭവത്തിൽ അഡീഷണൽ എക്സൈസ് കമ്മീഷണർ ഇന്ന് കൊച്ചിയിൽ തെളിവെടുപ്പ് നടത്തും.