InternationalKeralaNationalNewsNews

കാലാവസ്ഥാ വ്യതിയാനം:ഇന്ത്യ അടക്കം 11 രാജ്യങ്ങളും രണ്ട് മേഖലകളും ഗുരുതര പ്രതിസന്ധിയില്‍

കാലാവസ്ഥാ വ്യതിയാനം ഈ വഴിക്ക് തുടര്‍ന്നാല്‍ ഇന്ത്യ അടക്കം 11 രാജ്യങ്ങളും രണ്ട് മേഖലകളും ഗുരുതര പ്രതിസന്ധിയിലാവുമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. കാലാവസ്ഥാ വ്യതിയാനം േദശീയ സുരക്ഷയെ എങ്ങനെയാണ് ബാധിക്കുന്നത് എന്ന വിഷയത്തില്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ശൃംഖലയിലെ 18 ഏജന്‍സികള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് കാലാവസ്ഥാ വ്യതിയാനം ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ വിവരിക്കുന്നത്. അടുത്ത മാസം ഗ്ലാസ്‌ഗോയില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിക്ക് (COP26) മുന്നോടിയായാണ് പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശ പ്രകാരം റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഞെട്ടിക്കുന്ന അനേകം വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.

കാലാവസ്ഥാ വ്യതിയാനം ദേശീയ സുരക്ഷയ്ക്ക് എന്ത് പ്രത്യാഘാതമാണ് സൃഷ്ടിക്കുകയെന്ന കാര്യത്തില്‍ ആദ്യമായാണ് ഇന്റലിജന്‍സ് ഏജന്‍സികളുടെ സമഗ്ര റിപ്പോര്‍ട്ട് പുറത്തുവരുന്നത്. കാലാവസ്ഥാ വ്യതിയാനം തുടര്‍ന്നാല്‍, ലോകത്തെ എല്ലാ രാജ്യങ്ങളും ആഭ്യന്തര സംഘര്‍ഷങ്ങളിലേക്ക് നീങ്ങുമെന്ന് വ്യക്തമാക്കുന്ന 27 പേജുള്ള റിപ്പോര്‍ട്ട് ഫോസില്‍ ഇന്ധനത്തെ കാര്യമായി ആശ്രയിക്കുന്ന ഗള്‍ഫ് രാജ്യങ്ങളിലും ഗുരുതര പ്രതിസന്ധി ഉണ്ടാവുമെന്ന് ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യ അടക്കം 11 രാജ്യങ്ങളും രണ്ട് മേഖലകളുമാണ് ഗുരുതരമായ പ്രതിസന്ധിയെ നേരിടുക എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യയെ കൂടാതെ പാക്കിസ്താന്‍, അഫ്ഗാനിസ്താന്‍, ഇറാഖ്, മ്യാന്‍മര്‍, ഉത്തര കൊറിയ എന്നീ ആറ് ഏഷ്യന്‍ രാജ്യങ്ങളാണ് പട്ടികയില്‍ ഉള്ളത്. മധ്യ അമേരിക്ക, കരീബിയ എന്നിവിടങ്ങളിലുള്ള ഗ്വാട്ടിമല, ഹെയ്തി, ഹോണ്ടുറാസ്, നിക്കരാഗ്വ, കൊളംബിയ എന്നീ രാജ്യങ്ങളും പട്ടികയിലുണ്ട്. മധ്യ ആഫ്രിക്ക, പസഫിക്കിലെ ചെറിയ രാജ്യങ്ങള്‍ എന്നിവയും ഗുരുതരമായ പ്രതിസന്ധിയെ നേരിടേണ്ടിവരും.

ഈ രാജ്യങ്ങള്‍ ഊര്‍ജം, ഭക്ഷണം, ജലം, ആരോഗ്യം, സുരക്ഷ എന്നീ വിഷയങ്ങളില്‍ അതിഗുരുതരമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആഭ്യന്തര സംഘര്‍ഷങ്ങള്‍ മൂര്‍ഛിക്കാനും അസ്ഥിരത സൃഷ്ടിക്കാനും കാലാവസ്ഥാ വ്യതിയാനം കാരണമാവും. ഉഷ്ണ തരംഗം, വരള്‍ച്ച എന്നിവ വൈദ്യുതി വിതരണം അടക്കമുള്ള മേഖലകളെ സാരമായി ബാധിക്കും. ഇതോടൊപ്പമുണ്ടാവുന്ന അഭയാര്‍ത്ഥി പ്രവാഹം ലോകത്തെ മൊത്തമായി ബാധിക്കാനും ഇടയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ജലദൗര്‍ലഭ്യം കൂടുതല്‍ വലിയ അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക എന്നിവിടങ്ങളിലെ 60 ശതമാനം ഉപരിതല ജലവും പല രാജ്യങ്ങളിലായാണ് കിടക്കുന്നത്. ഇത് രാജ്യങ്ങള്‍ തമ്മില്‍ വെള്ളത്തിനു വേണ്ടിയുള്ള സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കും. ഇന്ത്യയും പാക്കിസ്താനും തമ്മില്‍ ഇപ്പോള്‍ തന്നെ ജലത്തിനു വേണ്ടിയുള്ള തര്‍ക്കം നിലനില്‍ക്കുന്നത് റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. മെകോംഗ് നദിയിലെ വെള്ളത്തിന്റെ കാര്യത്തില്‍ ചൈന, കംബോഡിയ, വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ക്കിടയിലുള്ള സംഘര്‍ഷം വളരുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിന് ജിയോ എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യകള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യങ്ങള്‍ തമ്മില്‍ വലിയ സംഘര്‍ഷം ഉണ്ടാവാനുമിടയുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. സമ്പന്ന രാജ്യങ്ങള്‍ ഇത്തരം സാങ്കേതിക വിദ്യകള്‍ കാര്യമായി ഉപയോഗിക്കുമ്പോള്‍, അതിനു കഴിവില്ലാത്ത മറ്റു രാജ്യങ്ങള്‍ പ്രതിസന്ധിയിലാവും. ഉദാഹരണത്തിന്, ഒരു പ്രത്യേക ഭൂവിഭാഗത്തിലെ സമുദ്രതാപനം കുറയ്ക്കാന്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുമ്പോള്‍ ആ പ്രദേശങ്ങളിലെ പ്രശ്‌നം സമീപ രാജ്യങ്ങളിലേക്ക് നീങ്ങും. ഇത് മറ്റു രാജ്യങ്ങളുമായി വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാവും.

ഈ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതില്‍ കടുത്ത നിയന്ത്രണങ്ങള്‍ ആഗോള തലത്തില്‍ സ്വീകരിച്ചില്ലെങ്കില്‍, ഇത് രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നമായി മാറും. ഇതിനായി, ആഗോള തലത്തില്‍ ഒന്നിച്ചുള്ള ശ്രമങ്ങള്‍ അനിവാര്യമാണ്. എന്നാല്‍, കാലാവസ്ഥാ വ്യതിയാന വിഷയത്തില്‍ സഹകരിക്കാന്‍ മിക്ക രാജ്യങ്ങളും തയ്യാറാവാത്ത സാഹചര്യത്തില്‍ ഇങ്ങനെയൊരു സഹകരണം എളുപ്പമാവില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker