InternationalNewspravasi

സ്‍കൂളില്‍ ക്ലാസ്‍ മുറിയിലുണ്ടായ സംഘര്‍ഷത്തിനിടെ 15 വയസുകാരന്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ സ്‍കൂളില്‍ ക്ലാസ്‍ മുറിയിലുണ്ടായ സംഘര്‍ഷത്തിനിടെ 15 വയസുകാരന്‍ മരിച്ചു. ജിദ്ദയിലെ ഒരു ഇന്റര്‍മീഡിയറ്ര് സ്‍കൂളിലായിരുന്നു സംഭവം. രണ്ട് സൗദി വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ കലഹമാണ് ദാരുണമായ മരണത്തിലേക്ക് നയിച്ചത്. അതേസമയം കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയുടെ പിതാവ്, മരണത്തിന് കാരണക്കാരനായ വിദ്യാര്‍ത്ഥിക്ക് മാപ്പ് നല്‍കിയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു.

സംഘര്‍ഷത്തിനിടെ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മറ്റൊരാളുടെ തല ശക്തിയായി മേശപ്പുറത്ത് ഇടിക്കുകയായിരുന്നു. ഇരുവരെയും സഹപാഠികള്‍ ചേര്‍ന്ന് പിടിച്ചുമാറ്റിയെങ്കിലും ഡെസ്‍ക്കില്‍ തലയടിച്ച വിദ്യാര്‍ത്ഥി ബാലന്‍സ് തെറ്റി നിലത്തുവീണു. സ്‍കൂളിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്‍കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടതനുസരിച്ച് റെഡ് ക്രസന്റ് ആംബുലന്‍സ് സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അവിടെ എത്തുന്നതിന് മുമ്പ് തന്നെ മരിച്ചിരുന്നു.

തലയ്‍ക്ക് അടിയേറ്റതിനെ തുടര്‍ന്ന് മസ്‍തിഷ്‍കത്തിലുണ്ടായ രക്തസ്രാവമാണ് മരണത്തില്‍ കലാശിച്ചത്. വിദ്യാര്‍ത്ഥികള്‍ സംഘട്ടനത്തിലേര്‍പ്പെട്ട സമയത്ത് ക്ലാസില്‍ അധ്യാപകരില്ലായിരുന്നു. ഇത് ഗുരുതരമായ വീഴ്‍ചയായാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. മറ്റ് സമയങ്ങളിലേതില്‍ നിന്ന് വ്യത്യസ്‍തമായി റമദാനില്‍ ഓരോ പീരിഡുകള്‍ക്കുമിടയില്‍ അഞ്ച് മിനിറ്റ് ഇടവേള ഇല്ല. സംഭവത്തില്‍ പൊലീസും ജിദ്ദ വിദ്യാഭ്യാസ വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News
Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker