KeralaNews

കാട്ടാക്കടയില്‍ സമരക്കാരും ബി.ജെ.പി പ്രവര്‍ത്തരും തമ്മില്‍ സംഘര്‍ഷം

തിരുവനന്തപുരം: കാട്ടാക്കടയില്‍ സമരാനുകൂലികളും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. പ്രധാനറോഡിന് നടുവില്‍ സമരാനുകൂലികള്‍ കസേര നിരത്തി റോഡ് ബ്ലോക്ക് ചെയ്തു. തുടര്‍ന്ന് ഇതുവഴിയെത്തിയ വാഹനങ്ങളും സമരക്കാര്‍ തടഞ്ഞു.

ഇതിനിടെ പണിമുടക്ക് സമരമാക്കി മാറ്റാന്‍ സമരക്കാര്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ സമരക്കാരരുമായി വാക്കേറ്റമുണ്ടായി. ഇരുകൂട്ടരും തമ്മില്‍ ഉന്തും തള്ളുമുണ്ടായതായാണ് സൂചന. ജഡ്ജി സഞ്ചരിച്ച വാഹനവും സമരക്കാര്‍ തടഞ്ഞു. അദ്ദേഹം ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിട്ടുണ്ട്. പ്രദേശത്ത് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച രണ്ടു ദിവസത്തെ ദേശീയ പണിമുടക്ക് സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. മോട്ടോര്‍ വാഹന തൊഴിലാളികള്‍, ബാങ്ക്, ഇന്‍ഷുറന്‍സ്, റെയില്‍വേ, വൈദ്യുതി തുടങ്ങിയ മേഖലകളിലെ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതോടെ സാധാരണ ജീവിതത്തെ സമരം സാരമായി ബാധിക്കുന്നുണ്ട്.

കൊച്ചി ബിപിസിഎല്ലില്‍ സമരാനുകൂലികള്‍ ജീവനക്കാരുടെ വാഹനം തടഞ്ഞു. ബിപിസിഎല്ലിലെ പണിമുടക്ക് നേരത്തെ ഹൈക്കോടതി നിരോധിച്ചിരുന്നു. കൊച്ചിയില്‍ മെട്രോ ഒഴികെയുള്ള ഗതാഗത സംവിധാനങ്ങള്‍ ഏതാണ്ട് സ്തംഭിച്ച അവസ്ഥയാണ്. അതിനിടെ കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ബിഇഎംഎല്‍ ദേശീയ പണിമുടക്ക് നിരോധിച്ചു. പ്രതിരോധ സ്ഥാപനങ്ങളില്‍ പണിമുടക്ക് പാടില്ലെന്ന ഓര്‍ഡിനന്‍സിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനവും താളംതെറ്റി. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പണിമുടക്ക് ഏതാണ്ട് പൂര്‍ണ്ണമാണ്.പണിമുടക്കില്‍ നിന്ന് വിട്ടുനിന്നതോടെ പാലക്കാട് കഞ്ചിക്കോട്ടെ കമ്പനിക്ക് മുന്നില്‍ തൊഴിലാളികള്‍ പ്രതിഷേധം നടത്തുകയാണ്. കഞ്ചിക്കോട് ഇന്‍ഫ്രാ പാര്‍ക്കില്‍ ജോലിക്കെത്തിയ തൊഴിലാളികളെ സിഐടിയു പ്രവര്‍ത്തകര്‍ തിരിച്ചയച്ചു. മലപ്പുറം എടവണ്ണപ്പാറയില്‍ തുറന്ന കടയ്ക്ക് മുന്നില്‍ സമരക്കാരുടെ പ്രതിഷേധമുണ്ടായി. എടവണ്ണപ്പാറയിലെ ഫാമിലി ഷോപ്പിനെതിരെയാണ് സമരക്കാര്‍ പ്രതിഷേധിക്കുന്നത്.

വാണിജ്യ വ്യാപാര സ്ഥാപനങ്ങളിലെയും മോട്ടോര്‍ വാഹന മേഖലയിലെയും തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ സംസ്ഥാനത്തെ ജനജീവിതം സ്തംഭിച്ചു. മലപ്പുറം മഞ്ചേരിയില്‍ സംയുക്ത ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ നിരത്തിലിറങ്ങിയ വാഹനങ്ങള്‍ തടഞ്ഞു. കോഴിക്കോട് പണിമുടക്കുന്ന തൊഴിലാളികളുടെ പ്രതിഷേധ പ്രകടനം ആരംഭിച്ചു. ഇടുക്കിയില്‍ പണിമുടക്ക് ഏതാണ്ട് പൂര്‍ണമാണ്. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. വളരെ കുറച്ച് സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങുന്നത്. ഹൈറേഞ്ചില്‍ ഹര്‍ത്താലിന് സമാനമായ അവസ്ഥയാണ് നിലവിലുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker