തൃശൂർ: കൊടകരയിൽ കുഴൽപ്പണം കവർന്ന കേസിൽ നിർണായക വഴിത്തിരിവ്. പ്രതിയുടെ പക്കൽനിന്ന് പോലീസുകാരൻ 30,000 രൂപ കൈക്കൂലി വാങ്ങിയതായി ആരോപണം. ഇരിങ്ങാലക്കുട സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ അനൂപ് ലാലിന് എതിരെയാണ് ആരോപണം. ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണം തുടങ്ങി. മറ്റൊരു പ്രതിയോട് സ്പെഷൽ ബ്രാഞ്ചിലെ പോലീസുകാരൻ പണം ആവശ്യപ്പെട്ടതായും ആക്ഷേപം ഉയർന്നിട്ടുണ്ട്.
കേസിൽ അറസ്റ്റിലായ വെള്ളാങ്കല്ലൂർ സ്വദേശി മാർട്ടിനാണ് പൊലീസുകാരന് എതിരെ മൊഴി നൽകിയത്. കുഴൽപ്പണം കവർന്ന ശേഷം പൊലീസുകാരൻ ഫോണിൽ വിളിച്ച് 30,000 രൂപ ആവശ്യപ്പെട്ടെന്നാണ് മൊഴി. കിട്ടിയ പണം എന്തു ചെയ്തെന്ന ചോദ്യം ചെയ്യലിനിടെയാണ് പ്രതിയുടെ വെളിപ്പെടുത്തൽ. കേസിൽ അറസ്റ്റിലായ മറ്റൊരു പ്രതി ദീപക്കിനോട് സ്പെഷൽ ബ്രാഞ്ചിലെ പൊലീസ് ഉദ്യോഗസ്ഥൻ പണം ആവശ്യപ്പെട്ടതായും വിവരം ലഭിച്ചു. ഇതിനിടെ, കുഴൽപ്പണം വരുന്ന വിവരമറിഞ്ഞ് ഇൻസ്പെക്ടറും സംഘവും സ്വന്തം സ്റ്റേഷൻ പരിധിക്കു പുറത്തെ സ്ഥലത്ത് പോയി പരിശോധനയ്ക്കായി നിലയുറപ്പിച്ചു.
മേലുദ്യോഗസ്ഥർ അറിയാതെയായിരുന്നു ഇത്. ഈ പരിശോധനയിലും അസ്വാഭാവികതയുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നു. കൈക്കൂലി വാങ്ങിയ പോലീസുകാരനെതിരെയും കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെതിരെയും സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ട് നൽകി. ഇയാളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. .