കൊച്ചി: ഛായാഗ്രാഹകയും വിമൻ ഇൻ സിനിമ കളക്ടീവ് അംഗവുമായ കെആർ കൃഷ്ണ അന്തരിച്ചു. മുടക്കുഴ കണ്ണഞ്ചേരിമുകൾ കോടമ്പ്രം രാജന്റെയും ഗിരിജയുടെയും മകളാണ്. തെലുങ്ക് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അരുണാചൽപ്രദേശ്,കശ്മീർ എന്നിവിടങ്ങളിൽ ഷൂട്ടിങ്ങിലായിരുന്നു. ശ്വാസകോശത്തിൽ അണുബാധയുണ്ടായ കൃഷ്ണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെയോടെ ആരോഗ്യ നില വഷളായി മരണപ്പെടുകയായിരുന്നുവെന്നുമാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.
20-ാം വയസിൽ സിനിമാറ്റോഗ്രഫി പഠിച്ച കൃഷ്ണ, വിനീത് ശ്രീനിവാസൻ പ്രധാന വേഷം ചെയ്ത മനോഹരം എന്ന ചിത്രത്തില്‍ സഹഛായാഗ്രാഹകയായിരുന്നു. പരസ്യചിത്രത്തിലൂടെയായിരുന്നു തുടക്കം. മരണവിവരം അറിഞ്ഞ് സഹോദരൻ ഉണ്ണി കശ്മീരിലെത്തിയിട്ടുണ്ട്. മൃതദേഹം ഇന്ന് വൈകീട്ട് നെടുമ്പാശ്ശേരി വിമാനത്താവളം വഴി നാട്ടിലെത്തിക്കും. സംസ്കാരം ബുധാനാഴ്ച. കണ്ണൻ എന്ന ഒരു സഹോദരൻ കൂടിയുണ്ട്. കൃഷ്ണയുടെ കുടുംബം നേരത്തെ പെരുമ്പാവൂരും കുറുപ്പംപടിയിലും ഗിന്നസ് എന്ന പേരില്‍ സ്റ്റുഡിയോ നടത്തിയിരുന്നു. ഇപ്പോള്‍ കോതമംഗലത്താണ് സ്റ്റുഡിയോ പ്രവർത്തിക്കുന്നത്.
കൃഷ്ണയുടെ മരണത്തില്‍ ഡബ്ല്യു സി സി അനുശോചനം അറിയിച്ചു. കൃഷ്ണയുടെ വിയോഗം സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മക്കും ചലച്ചിത്രരംഗത്തിനും തീരാനഷ്ടമാണെന്നും അവളുടെ കഴിവുകളും ഊർജവും എക്കാലവും ഞങ്ങളെ പ്രചോദിപ്പിക്കുമെന്നും ഡബ്ല്യു സി സി കുറിച്ചു.
‘ഛായാഗ്രാഹകയും വിമൻ ഇൻ സിനിമ കളക്ടീവ് അംഗവുമായ കെ.ആർ കൃഷ്ണ അന്തരിച്ചു. കൃഷ്ണ അരുണാചൽപ്രദേശ്,കശ്മീർ എന്നിവിടങ്ങളിൽ ഷൂട്ടിങ്ങിലായിരുന്നു. അതിനിടയിലാണ് നെഞ്ചിൽ അണുബാധയുണ്ടായി ആശുപത്രിയിലാവുന്നത്. പിന്നീട് രോഗം മൂർച്ചിച്ച് മരണപ്പെടുകയുമായിരുന്നു. കഴിവുറ്റ സിനിമാറ്റോഗ്രാഫറും, ഏതു പ്രതികൂല സാഹചര്യങ്ങളേയും നിരന്തരം പുഞ്ചിരിയോടെ നേരിടുന്ന സുഹൃത്തും ഊർജസ്വലയായ പ്രവർത്തകയുമായിരുന്നു പ്രിയങ്കരിയായ കൃഷ്ണ. അവളുടെ കഴിവുകളും ഊർജവും എക്കാലവും ഞങ്ങളെ പ്രചോദിപ്പിക്കും. സിനിമയിലെ സ്ത്രീകൾക്ക് വേണ്ടി ഒരുപാട് സ്വപ്‌നങ്ങളും സംരംഭങ്ങളും കൃഷ്ണ മനസ്സിൽ പേറിയിരുന്നു. അവളുടെ അകാലവിയോഗം സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മക്കും ചലച്ചിത്രരംഗത്തിനും തീരാനഷ്ടമാണ്.’ – ഡബ്ല്യു സി സി ഫേസ്ബുക്കില്‍ കുറിച്ചു.