തൃശൂർ: പെട്രോൾ പമ്പിൽ തീപിടിത്തം. ഇന്ന് രാവിലെ 11 മണിയോടെ വടക്കാഞ്ചേരി വാഴക്കോടാണ് സംഭവം. ആളിപ്പടർന്ന തീ വളരെ പെട്ടെന്ന് അണയ്‌ക്കാൻ സാധിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
മഴയത്ത് പമ്പിൽ നിന്നും ഒഴുകിയെത്തിയ വെള്ളത്തിൽ പെട്രോൾ കലർന്നിരുന്നു. ദിവസങ്ങളായി മഴ പെയ്യുന്നത് കാരണം ഈ വെള്ളം പമ്പിന് മുപ്പത് മീറ്റർ മാറിയുള്ള പച്ചക്കറി കടയുടെ മുന്നിൽ ഒഴുകിയെത്തിയിരുന്നു. അവിടെ ചെറിയ കുഴി രൂപപ്പെട്ട് നിറയെ വെള്ളം കെട്ടിക്കിടന്നിരുന്നു. കടയിൽ സാധനങ്ങൾ വാങ്ങാൻ വന്ന ആരോ സിഗററ്റ് വലിച്ച് കുറ്റി വെള്ളത്തിൽ എറിഞ്ഞതിൽ നിന്നാണ് തീ പടർന്നതെന്നാണ് കരുതുന്നത്.
വെള്ളത്തിലെ പെട്രോളിന് തീപിടിച്ച് പമ്പിലേക്ക് എത്തുകയായിരുന്നു. വളരെ പെട്ടെന്ന് അണക്കാനായതിനാലാണ് വൻ ദുരന്തം ഒഴിവായത്. പമ്പിൽ എത്തിയ ടാങ്കറിന്റെ ഡ്രൈവർ ഭക്ഷണം കഴിക്കാൻ പോയ സമയത്തായിരുന്നു തീപിടിത്തം. എന്നാൽ, സ്ഥലത്തെത്തിയ ഒരു സ്വകാര്യ ബസ് ഡ്രൈവർ പെട്ടെന്ന് ടാങ്കർ പമ്പിൽ നിന്ന് മാറ്റി ദുരന്തം ഒഴിവാക്കുകയായിരുന്നു. വാതക ഇന്ധന പമ്പും ഇവിടെയുണ്ട്.
വാഴക്കോട് വലിയപറമ്പിൽ നൗഷാദിന്റെ കടയിലെ പച്ചക്കറി തീപിടിത്തത്തിൽ നശിച്ചു. പമ്പിലേക്ക് പടർന്ന തീ വാൽവുകൾക്ക് മുകളിലൂടെയും കത്തി. സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന തീ അണച്ചതിനാൽ പ്രധാന ടാങ്കുകളിലേക്ക് പടർന്നില്ല.