InternationalNews

സൈബര്‍ യുദ്ധം ആരംഭിച്ച് ചൈന,സൈന്യം മുതല്‍ കൊവിഡ് പ്രതിരോധം വരെ ലക്ഷ്യം,രണ്ടു മാസത്തിനിടെ ഇന്ത്യ പരാജയപ്പെടുത്തിയത് 40000 ഹാക്കിംഗ് നീക്കങ്ങള്‍

ന്യൂഡല്‍ഹി:ഇന്ത്യയും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷങ്ങള്‍ യുദ്ധത്തിലേക്ക് നീങ്ങവെ സൈബര്‍ ലോകവും യുദ്ധമുനമ്പിലെന്ന് റിപ്പോര്‍ട്ടുകള്‍.ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങള്‍ ആരംഭിച്ചപ്പോള്‍ മുതല്‍ തന്ത്രപ്രധാനമായ ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ക്കുമേല്‍ ഹാക്കര്‍മാര്‍ ആക്രമണം ആരംഭിച്ചതായി നേരത്തതന്നെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു.

ചൈന, ഉത്തര കൊറിയ, പാകിസ്താന്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഹാക്കര്‍മാരാണ് ഹാക്കിങ് ശ്രമം തുടരുന്നത്. വിവിധ രാജ്യങ്ങളില്‍നിന്നുള്ളവയാണെങ്കിലും ഒറ്റ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലുള്ള സൈബര്‍ ആക്രമണമാണ് ഇപ്പോള്‍ സംഭവിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ചൈനയിലെ അറിയപ്പെടുന്ന പല ഹാക്കര്‍മാരും സര്‍ക്കാറിന്റെ മുന്നണിയിലുള്ളവരാണെന്ന് കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയത്തിലെ വിദഗ്ധന്‍ ചൂണ്ടിക്കാട്ടുന്നു. ചൈന, പാകിസ്താന്‍, ഉത്തര കൊറിയ എന്നിവര്‍ ഈ മേഖലയില്‍ ഒരു സഖ്യമാണ്. പാകിസ്താനിലും ഉത്തര കൊറിയയിലും ഭരണകൂടത്തിന് തന്നെ ഹാക്കര്‍മാരുണ്ടെന്നും ഇദ്ദേഹം പറയുന്നു.

അതേസമയം ആയിരക്കണക്കിന് ആക്രമണങ്ങളെയാണ് ഇന്ത്യന്‍ സൈബര്‍ വിദഗ്ധര്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ പരാജയപ്പെടുത്തിയത്. ബാങ്കിങ് മേഖലയില്‍ ഉള്‍പ്പെടെ 40,000ത്തോളം ആക്രമണ ശ്രമങ്ങളാണ് ചൈന നടത്തിയത്. വെബ്‌സൈറ്റുകളില്‍ അനധികൃതമായി പ്രവേശിക്കാനുള്ള ശ്രമം, വിവരങ്ങള്‍ ചോര്‍ത്താനുള്ള ശ്രമം, വെബ്‌സൈറ്റ് തകര്‍ക്കല്‍, സേവനങ്ങള്‍ ലഭ്യമാകുന്നത് തടയല്‍, സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ ശ്രമങ്ങളാണ് ഹാക്കര്‍മാരുടെ ഭാഗത്തുനിന്ന് ഉണ്ടായത്.

അന്താരാഷ്ട്ര തലത്തിലും ഇത്തരത്തില്‍ കൂട്ടത്തോടെയുള്ള സൈബര്‍ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. കോവിഡ് 19 ലോകത്താകെ പടര്‍ന്നതിന് പിന്നാലെ മാര്‍ച്ചില്‍ ചൈനീസ് ഹാക്കര്‍മാര്‍ ലോകത്താകെയുള്ള 75 പ്രധാന സ്ഥാപനങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. വന്‍തോതിലുള്ള ചാരപ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്.ചൈനീസ് ഹാക്കര്‍ സമൂഹങ്ങള്‍ ഇന്ത്യയുടെ മാധ്യമ, ഫാര്‍മസ്യൂട്ടിക്കല്‍, ടെലികമ്യൂണിക്കേഷന്‍ കമ്പനികള്‍ക്കെതിരെ നീക്കങ്ങള്‍ നടത്തിയേക്കാമെന്ന് സൈബര്‍ ഇന്റലിജന്‍സ് കമ്പനിയായ സൈഫേര്‍മ കഴിഞ്ഞയാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു.

കോവിഡിനെതിരായ യുദ്ധത്തില്‍ ഇന്ത്യ പ്രയോഗിക്കുന്ന വസ്തുക്കളെയും അവയുടെ അസംസ്‌കൃത വസ്തുക്കളുടെയും വിവരങ്ങള്‍ ശേഖരിക്കാന്‍ ചൈനീസ് ഹാക്കര്‍മാര്‍ ശ്രമിച്ചിരുന്നു. ചൈനയുടെ വ്യാപാര താല്‍പര്യങ്ങള്‍ ഇതില്‍ വ്യക്തമാകുമെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നു. ഇന്ത്യക്ക് എന്താണ് വേണ്ടതെന്നും എന്താണ് സംഭരിക്കാന്‍ ശ്രമിക്കുന്നതെന്നും മനസിലാക്കിയാല്‍ ചൈനീസ് കമ്പനികള്‍ക്ക് അവ വിപണിയിലേക്ക് അണിനിരത്താന്‍ കഴിയുമെന്നും ഇദ്ദേഹം പറയുന്നു.ഇതിലൂടെ വ്യാപാരവിലക്കടക്കമുള്ള കാര്യങ്ങള്‍ ഫലപ്രദമായി തടയാനും ചൈനയ്ക്ക് കഴിഞ്ഞേക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker