സിഐ പി.ആര്‍.സുനുവിനെ പൊലീസില്‍നിന്നു പുറത്താക്കി;കേരളത്തില്‍ ആദ്യം
തിരുവനന്തപുരം∙ ബലാത്സംഗം ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയായ കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ സിഐ പി.ആര്‍.സുനുവിനെ പൊലീസ് സേനയില്‍നിന്നു പിരിച്ചുവിട്ടു. സ്വഭാവദൂഷ്യത്തിന്റെ പേരിൽ പൊലീസ് ആക്ടിലെ 86 വകുപ്പ് അനുസരിച്ചാണ് നടപടി. സ്ഥിരമായി ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ സർവീസിൽ തുടരാൻ അയോഗ്യരാക്കുന്നതാണ് ഈ വകുപ്പ്.
കേരള പൊലീസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഈ വകുപ്പ് അനുസരിച്ച് ഒരു ഉദ്യോഗസ്ഥനെ സർവീസിൽനിന്ന് നീക്കുന്നത്. നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ഡിജിപി നിർദേശിച്ചിരുന്നെങ്കിലും സുനു പൊലീസ് ആസ്ഥാനത്ത് ഹാജരായില്ല. ഓൺലൈനിലൂടെ വിശദീകരണം കേട്ടശേഷമാണ് നടപടി.
പി.ആര്‍.സുനുവിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്ത് ഡിജിപി അനില്‍കാന്ത് ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തൃക്കാക്കരയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ കേസില്‍ മൂന്നാം പ്രതിയാണ് പി.ആര്‍.സുനു.
സുനു പ്രതിയായ 6 ക്രിമിനല്‍ കേസുകളില്‍ നാലെണ്ണം സ്ത്രീപീഡനത്തിന്റെ പരിധിയിലുള്ളതാണ്. കൊച്ചിയിലും കണ്ണൂരിലും തൃശൂരിലും ജോലി ചെയ്യുമ്പോള്‍ പൊലീസിന്റെ അധികാരം ഉപയോഗിച്ച് പീഡനത്തിന് ശ്രമിച്ചെന്നത് അതീവ ഗുരുതരമാണ്. 6 മാസം ജയില്‍ശിക്ഷ അനുഭവിച്ചു.
ബലാൽസംഗം അടക്കം 9 ക്രിമിനൽ കേസുകളിൽ പ്രതിയാണ് സുനു. 15 തവണ വകുപ്പുതല നടപടികൾ നേരിട്ടിരുന്നു. തൃക്കാക്കര പൊലീസ് റജിസ്റ്റർ ചെയ്ത ബലാൽസംഗക്കേസിൽ പ്രതിയായതോടെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. പിരിച്ചു വിടാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ പൊലീസ് ആസ്ഥാനത്തുനിന്ന് നിർദേശിച്ചിരുന്നു.
നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുനു സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. പിന്നീട് സുനു ഡിജിപിക്ക് രേഖാമൂലം വിശദീകരണം നൽകി. തുടർന്ന്, നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ഡിജിപി ആവശ്യപ്പെട്ടു
ആരോഗ്യകാരണങ്ങളാല്‍ നേരിട്ട് ഹാജരാകാൻ കഴിയില്ലെന്ന് സുനു മെയിലിലൂടെ അറിയിച്ചതിനെ തുടർന്ന് പിരിച്ചുവിടൽ നടപടികളുമായി ഡിജിപിയുടെ ഓഫിസ് മുന്നോട്ടു പോകുകയായിരുന്നു.