KeralaNews

സിനിമ നാടിന് അപമാനം,ചുരുളിയ്ക്കെതിരെ പരാതിയുമായി നാട്ടുകാർ

ഇടുക്കി: ലിജോ ജോസ് പെല്ലിശ്ശേരി (Lijo Jose Pellissery) ചിത്രം ‘ചുരുളി’ (Churuli) അടുത്തിടെയാണ് പ്രദര്‍ശനത്തിന് എത്തിയത്. ‘ചുരുളി’ എന്ന ചിത്രം ഒടിടി റിലീസായിട്ടാണ് ചുരുളി എത്തിയത്. ചുരുളിയിലെ സംഭാഷണങ്ങളില്‍ അസഭ്യ പദങ്ങള്‍ ഉപയോഗിച്ചതിന്റെ പേരില്‍ വിമര്‍ശനവുമുണ്ടായി.

ഇപ്പോഴിത ചുരുളിയെന്ന സിനിമയില്‍ തെറിവിളികള്‍ അതിരുവിട്ടതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയിലടക്കം സ്ഥലം കണ്ടെത്തുന്നതിനും അവിടം ഒന്ന് കാണുന്നതിനും മറ്റുള്ളവര്‍ ശ്രമം ആരംഭിച്ചതോടെ പരാതിയുമായി യഥാര്‍ത്ഥ ചുരുളിയിലെ നാട്ടുകാര്‍ പരാതിയുമായി രംഗത്തെത്തിയത്. ഇടുക്കി ജില്ലയിലാണ് യഥാര്‍ത്ഥ ചുരുളി എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. സിനിമയില്‍ നിന്നും വ്യത്യസ്തമായ കര്‍ഷക പോരാട്ടങ്ങളുടെ ചരിത്രമുള്ള ഒരു നാടാണ് യഥാര്‍ത്ഥ ചുരുളി.

1960 കളില്‍ ജീവിക്കാനായി ചുരുളി കീരിത്തോട്ടത്തില്‍ കുടിയേറിയ കര്‍ഷകരെ സര്‍ക്കാര്‍ ഇറക്കിവിടാന്‍ നോക്കുകയും ഇതിനുവേണ്ടി ബലപ്രയോഗം നടത്തുകയും ചെയ്തിരുന്നു. കീരിത്തോട്ടിലും ചുളിയിലും കര്‍ഷകര്‍ ലാത്തിച്ചാര്‍ജ്ജടക്കമുള്ള പീഡനങ്ങള്‍ക്ക് ഇരയായി. ഇതിനെതിരെ എകെജി ഫാ. വടക്കന്‍, മാത്തായി, മാഞ്ഞൂരാന്‍ എന്നിവരടക്കമുള്ളവര്‍ കീരിത്തോട്ടിലും ചുരുളിയിലും സമരം നടത്തി.
കുടിയിറക്കിനെതിരെ എകെജി നിരാഹാര സമരം നടത്തി. അങ്ങനെ ഏറെ ത്യാഗം സഹിച്ച് നേടിയെടുത്തതാണ് ചുരുളിയെന്ന ഗ്രാമം. എന്നാല്‍ സിനിമയില്‍ ചുരുളിയെന്ന പേരില്‍ നാടിനെയും നാട്ടുകാരെയും അപമാനപ്പെടുത്തുന്നു എന്നാണ് നാട്ടുകാരുടെ അഭിപ്രായം. ഇതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ മന്ത്രിക്ക് പരാതി നല്‍കുന്നത്.

അതേ സമയം സിനിമയിലെ തെറിവിളികള്‍ വിവാദമായപ്പോള്‍, ഒടിടിയില്‍ കാണിക്കുന്ന സിനിമ സെൻസര്‍ ചെയ്‍ത പതിപ്പല്ലെന്ന വിശദീകരണവുമായി ഇപോള്‍ സെൻസര്‍ ബോര്‍ഡ് രംഗത്ത് എത്തിയിരിക്കുകയാണ്. ഒടിടിയില്‍ കാണിക്കുന്ന സിനിമ സെൻസര്‍ ചെയ്‍ത പതിപ്പല്ല. ചുരുളി മലയാളം സിനിമയ്‍ക്ക് സിനിമാട്ടോഗ്രാഫ് ആക്ട് 1952, സിനിമാട്ടോഗ്രാഫ് സര്‍ട്ടിഫിക്കേഷന്‍ റൂള്‍സ് -1983, ഇന്ത്യാ ഗവണ്‍മെന്റ് പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവക്ക് അനുസൃതമായി സിബിഎഫ്സി മുതിര്‍ന്നവര്‍ക്കുള്ള എ സര്‍ട്ടിഫിക്കറ്റ് തന്നെയാണ് ലഭ്യമാക്കിയിട്ടുള്ളത്.

2021 നവംബര്‍ 18നാണ് സര്‍ട്ടിഫിക്കറ്റ് നമ്പര്‍ DIL/3/6/2021-THI പ്രകാരം അനുയോജ്യമായ മാറ്റങ്ങളോടെ മുതിര്‍ന്നവര്‍ക്കുള്ള ‘എ’ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയത്. മാധ്യമങ്ങളിലും, വിശേഷിച്ച് സമൂഹ മാധ്യമങ്ങളിലും ചുരുളി സര്‍ട്ടിഫിക്കേഷനെ സംബന്ധിച്ച് ഊഹാപോഹങ്ങളും വസ്‍തുതാപരമായി തെറ്റായ റിപ്പോര്‍ട്ടുകളും വ്യാപകമാവുന്നതായി പൊതുജനങ്ങളില്‍ നിന്നും ലഭിച്ച പരാതികളിലൂടെ ബോധ്യപ്പെട്ടതായും സിബിഎഫ്‍സി റീജിയണല്‍ ഓഫീസര്‍ അറിയിച്ചു.

ജല്ലിക്കട്ടിനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‍ത ചിത്രമാണ് ചുരുളി. കഴിഞ്ഞ ഐഎഫ്എഫ്‍കയില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഡയറക്ട് ഒടിടി റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തി. ഒരുവിഭാഗം ആള്‍ക്കാര്‍ ചിത്രത്തെ ഏറ്റെടുത്തപ്പോള്‍ മറുവിഭാഗം സംഭാഷണങ്ങളില്‍ അസഭ്യ വാക്കുകള്‍ ചൂണ്ടിക്കാട്ടി രൂക്ഷമായി വിമര്‍ശിച്ചു. ചുരുളിഎന്ന ചിത്രത്തിലെ അസഭ്യം കലര്‍ന്ന ഭാഷയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് എം എസ് നുസൂര്‍ അടക്കമുള്ളവര്‍ രംഗത്ത് എത്തിയിരുന്നു.

കാടിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. എസ് ഹരീഷാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയത്. സോണി ലൈവിലൂടെയാണ് ചിത്രം റിലീസ് ചെയ്‍തത്. വിനയ് ഫോർട്ട്, ജോജു ജോർജ്, ചെമ്പൻ വിനോദ്, തുടങ്ങിയവരാണ് പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം എന്ന അറിയിപ്പോടെ പ്രദര്‍ശനത്തിനെത്തിയ ചുരുളിയിലെ പ്രധാനതാരങ്ങൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker