ആരാധന നടക്കാറുള്ള സി.എസ്.ഐയുടെ കീഴിലുള്ള പള്ളി ലൂസിഫറിന് വേണ്ടി മാറ്റി; ഷൂട്ട് കഴിഞ്ഞപ്പോള്‍ സംഭവിച്ചത്
കൊച്ചി:പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ സിനിമയാണ് ലൂസിഫര്‍. മലയാളത്തിലെ മുന്‍നിര താരങ്ങള്‍ എത്തിയ ചിത്രം എക്കാലത്തേയും മികച്ച വിജയം നേടിയ മലയാള സിനിമയാണ്.
സിനിമയില്‍ കാണിച്ച ലൊക്കേഷനുകളെ പറ്റി സംസാരിക്കുകയാണ് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ് എല്‍ദോ സെല്‍വരാജ്. സഫാരി ചാനലിലെ ലൊക്കേഷന്‍ ഹണ്ട് എന്ന പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവേയാണ് ലൂസിഫറിലെ പള്ളിയെ കുറിച്ച് സംസാരിച്ചത് .
ലൂസിഫര്‍ സിനിമയിലെ പ്രധാനപ്പെട്ട ലൊക്കേഷനായിരുന്നു രണ്ട് പള്ളികള്‍. സിനിമ റിലീസ് ചെയ്തതിന് ശേഷം ആ പള്ളികളെ പറ്റി പല മാധ്യമങ്ങളിലും പല വാര്‍ത്തകളാണ് വന്നത്. ഫാസില്‍ സാര്‍ അച്ചനായി വരുന്ന ആദ്യം കാണിക്കുന്ന പള്ളി വണ്ടിപെരിയാറിലാണ് ചിത്രീകരിച്ചത്.
അതുപോലെ മഞ്ജു വാര്യരും മോഹന്‍ലാലും വരുന്ന പള്ളി വാഗമണ്ണില്‍ നിന്നും ഉപ്പുതറക്ക് പോകുന്ന ചീന്തലാറിലാണ് ഷൂട്ട് ചെയ്തത്.
അത് ഒരു പഴയ പള്ളിയാണ്. അവിടെ മാസത്തില്‍ ഒരു തവണ ആരാധന നടക്കും. സി.എസ്.ഐയുടെ കീഴിലുള്ള പള്ളിയാണ്. ഈ പള്ളി കണ്ടെത്തിയതിന് ശേഷം സി.എസ്.ഐയിലെ ബിഷപ്പിനെ സമീപിക്കുകയും അവര്‍ അനുമതി നല്‍കുകയും ചെയ്തു. ചിത്രീകരണത്തിന് വേണ്ട രീതിയില്‍ ഞങ്ങള്‍ ഈ പള്ളിയെ മാറ്റിയെടുത്തു. ഷൂട്ടിന് ശേഷം ആന്റണി പെരുമ്പാവൂര്‍ ഈ പള്ളി നല്ല രീതിയില്‍ പുതുക്കി പണിതുകൊടുത്തു എന്നും എല്‍ദോ പറഞ്ഞു.
മോഹന്‍ലാലിന്റെ ആദ്യത്തെ ഫൈറ്റ് സീന്‍ ഷൂട്ട് ചെയ്തത് കുട്ടിക്കാനത്തെ ഒരു പഴയ കൊട്ടാരത്തിലാണ്. അമ്മച്ചിക്കൊട്ടാരം എന്നാണ് ഇത് അറിയപ്പെടുന്നത്. പൂഞ്ഞാര്‍ രാജവംശത്തിന്റെ കൊട്ടാരമാണിത്. ഒരു ട്രസ്റ്റിന്റെ കീഴിലായിരുന്നു ഈ കൊട്ടാരം. നമ്മുടെ കഥയ്ക്ക് അനുയോജ്യമായ രീതിയില്‍ ഈ കൊട്ടാരത്തെ ഒരു ഗോഡൗണ്‍ പോലെ ആക്കിത്തീര്‍ത്തത് കലാസംവിധായകന്‍ മോഹന്‍ദാസാണ്. സിനിമയുടെ ഫൈറ്റിലെ ഭൂരിഭാഗവും ചിത്രീകരിച്ചത് ഈ അമ്മച്ചിക്കൊട്ടാരത്തിലാണ് എന്നാണ് എല്‍ദോ പറഞ്ഞത്.