കൊച്ചി: ഓര്‍ത്തഡോക്‌സ്- യാക്കോബായ പള്ളിത്തര്‍ക്ക വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടികളുമായി ഹൈക്കോടതി. നവംബര്‍ എട്ടിന് ചീഫ് സെക്രട്ടറിയും ജില്ലാ കളക്ടര്‍മാരോടും നേരിട്ട് ഹാജരാകാനും കോടതി നിര്‍ദേശിച്ചു.
സുപ്രീം കോടതി തീര്‍പ്പ് കല്‍പ്പിച്ച ഓര്‍ത്തഡോക്‌സ്- യാക്കോബായ സഭാ പള്ളിത്തര്‍ക്കത്തിലുള്‍പ്പെട്ട ആറ് പള്ളികള്‍ ഏറ്റെടുക്കണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. സര്‍ക്കാര്‍ ഏറ്റെടുത്ത് മതിയായ സുരക്ഷ നല്‍കണമെന്നായിരുന്നു നിര്‍ദേശം. ഇത് പാലിക്കാത്തതിനെതിരെയാണ് ഇപ്പോള്‍ കോടതിയലക്ഷ്യ നടപടിക്ക് ഹൈക്കോടതി തുടക്കം കുറിച്ചിരിക്കുന്നത്.
നവംബര്‍ എട്ടിന് ചീഫ് സെക്രട്ടറി, എറണാകുളം, പാലക്കാട് ജില്ല കളക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികളോട് നേരിട്ട് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കുറ്റം ചുമത്തുന്നതിനാണ് ഇവരോട് നേരിട്ട് ഹാജരാകാന്‍ ഉത്തരവിട്ടത്. നിരവധി തവണ പള്ളികള്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നെങ്കിലും തുടര്‍നടപടികളുണ്ടായിരുന്നില്ല. പള്ളി ഏറ്റെടുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും വലിയ രീതിയിലുള്ള പ്രതിഷേധം കാരണം സാധിച്ചില്ലെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഹൈക്കോടതി തയ്യാറായില്ല.
എറണാകുളം ജില്ലയിലെ ഓടക്കാലി, മഴുവന്നൂര്‍ പള്ളികള്‍ അതോടൊപ്പം പാലക്കാട് ജില്ലയിലെ മംഗലംഡാം, എറിക്കന്‍ചിറ, ചെറുകുന്നം എന്നീ പള്ളികള്‍ ഏറ്റെടുക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. പക്ഷെ ഇതില്‍ ഒരു പള്ളിപോലും ഏറ്റൈടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോ പോലീസിനോ സാധിച്ചിരുന്നില്ല. കേസില്‍ സാവകാശം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാനാണ് സാധ്യത.