Vikram Movie : വിക്രത്തിന്‍റെ വിജയത്തില്‍ കമല്‍ ഹാസനെ അഭിനന്ദിച്ച് ചിരഞ്ജീവി, ഒപ്പം സല്‍മാന്‍ ഖാനും
ഇന്ത്യന്‍ സിനിമയില്‍ത്തന്നെ സമീപകാലത്തെ ഏറ്റവും വലിയ വിജയചിത്രമായി മാറുകയാണ് കമല്‍ ഹാസന്‍ (Kamal Haasan) ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച വിക്രം (Vikram Movie). 1986ല്‍ ഇതേപേരില്‍ പുറത്തിറങ്ങിയ ചിത്രത്തിലെ കമലിന്‍റെ നായക കഥാപാത്രത്തെ തന്‍റേതായ സിനിമാറ്റിക് വേള്‍ഡിലേക്ക് ചേര്‍ത്ത് അവതരിപ്പിക്കുകയായിരുന്നു സംവിധായകന്‍ ലോകേഷ് കനകരാജ്. കമലിനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, ചെമ്പന്‍ വിനോദ്, നരെയ്ന്‍, കാളിദാസ് ജയറാം എന്നിവരുടെ സാന്നിധ്യവും പ്രേക്ഷകാവേശം ഇരട്ടിപ്പിച്ച ഘടകമാണ്. ചിത്രം ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം തുടരുമ്പോള്‍ ഈ വിജയത്തില്‍ തന്‍റെ ഉറ്റ സുഹൃത്തിനെ അഭിനന്ദിക്കാന്‍ സമയം കണ്ടെത്തിയിരിക്കുകയാണ് തെന്നിന്ത്യയിലെ മറ്റൊരു സൂപ്പര്‍താരം. തെലുങ്ക് താരം ചിരഞ്ജീവിയാണ് (Chiranjeevi) കമല്‍ ഹാസനുവേണ്ടി സ്വന്തം വീട്ടില്‍ ഒരു അത്താഴവിരുന്ന് നടത്തിയത്.
അതേസമയം അത്താഴ വിരുന്നില്‍ മറ്റൊരു ഇന്ത്യന്‍ സൂപ്പര്‍താരം കൂടി ഉണ്ടായിരുന്നു. ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാന്‍ ആയിരുന്നു അത്. കമല്‍ ഹാസനൊപ്പം വിക്രം സംവിധായകന്‍ ലോകേഷഅ കനകരാജും ചിരഞ്ജീവിയുടെ ക്ഷണപ്രകാരം എത്തിയിരുന്നു. പൂച്ചെണ്ട് നല്‍കി, പൊന്നാടയണിയിച്ചാണ് ചിരഞ്ജീവി കമല്‍ ഹാസനെ പുതിയ വിജയത്തില്‍ അഭിനന്ദിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ചിരഞ്ജീവി തന്നെയാണ് ഈ വിരുന്നിനെക്കുറിച്ച് അറിയിച്ചത്.
തമിഴ്നാട്ടില്‍ മാത്രമല്ല, ചിത്രം റിലീസ് ചെയ‍്ത മാര്‍ക്കറ്റുകളിലൊക്കെ മികച്ച പ്രതികരണമാണ് വിക്രം നേടിക്കൊണ്ടിരിക്കുന്നത്. ആദ്യ രണ്ട് ദിനങ്ങളില്‍ തന്നെ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു ചിത്രം. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ്സ് ഡിസ്നി. ലോകേഷിനൊപ്പം രത്നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്.
ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രാഹകൻ. സംഗീതം അനിരുദ്ധ് രവിചന്ദര്‍, എഡിറ്റിംഗ് ഫിലോമിന്‍ രാജ്, സംഘട്ടന സംവിധാനം അന്‍പറിവ്, കലാസംവിധാനം എന്‍ സതീഷ് കുമാര്‍, വസ്ത്രാലങ്കാരം പല്ലവി സിംഗ്, വി സായ്, കവിത ജെ, മേക്കപ്പ് ശശി കുമാര്‍, നൃത്തസംവിധാനം സാന്‍ഡി, ശബ്ദ സങ്കലനം കണ്ണന്‍ ഗണ്‍പത്, പബ്ലിസിറ്റി ഡിസൈനര്‍ ഗോപി പ്രസന്ന, സൗണ്ട് ഡിസൈനിംഗ് സിങ്ക് സിനിമ, വിഎഫ്എക്സ് യൂണിഫൈ മീഡിയ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എം സെന്തില്‍, അസോസിയേറ്റ് ഡയറക്ടേഴ്സ് മഗേഷ് ബാലസുബ്രഹ്മണ്യം, സന്തോഷ് കൃഷ്‍ണന്‍, സത്യ, വെങ്കി, വിഷ്‍ണു ഇടവന്‍, മദ്രാസ് ലോഗി വിഘ്നേഷ്, മേക്കിംഗ് വീഡിയോ എഡിറ്റ് പി ശരത്ത് കുമാര്‍.